|

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ച് സര്‍ക്കാര്‍. കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചടച്ച പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചിരിക്കുന്നത്.

അനര്‍ഹമായ പെന്‍ഷന്‍ കൈപ്പറ്റിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്നും അച്ചടക്ക നടപടികള്‍ ഉപേക്ഷിക്കില്ലെന്നും വകുപ്പ് സെക്രട്ടറി അറിയിച്ചു.

അതേസമയം ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ 373 പേരാണ് ആരോഗ്യ വകുപ്പില്‍ പെന്‍ഷന്‍ കൈപ്പറ്റിയത്. ഏറ്റവും കൂടുതല്‍ ആളുകള്‍ തട്ടിപ്പ് നടത്തിയതും ആരോഗ്യ വകുപ്പില്‍ നിന്നാണ്.

പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224 പേര്‍. മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും, ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും, പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്.

പൊതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ പെന്‍ഷന്‍ കൈപ്പറ്റിയതായാണ് വിവരം.

സി.എ.ജി കണ്ടെത്തല്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍ അര്‍ഹര്‍, താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 9201 പേര്‍ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്. 39 കോടി 27 ലക്ഷം രൂപയാണ് അനര്‍ഹമായി തട്ടിയെടുത്തത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയിട്ടുള്ളത്. 347 പേരാണ് ഈ പരിധിയില്‍ തട്ടിപ്പ് നടത്തിയത്. കണക്കുകള്‍ അനുസരിച്ച് 1.53 കോടിരൂപയാണ് ജീവനക്കാര്‍ കൈവശപ്പെടുത്തിയത്.

169 സര്‍ക്കാര്‍ ജീവനക്കാരാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. കൊച്ചി കോര്‍പ്പറേഷനിലാണ് ഏറ്റവും കുറവ് തട്ടിപ്പ് രേഖപ്പെടുത്തിയത്. 70 ജീവനക്കാരാണ് കൊച്ചിയില്‍ അനര്‍ഹമായി പെന്‍ഷന്‍ കൈവശപ്പെടുത്തിയത്.

മുന്‍സിപ്പാലിറ്റി വിഭാഗത്തില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. 185 ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. രണ്ടാം സ്ഥാനത്ത് നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയാണ്. 68 ജീവനക്കാരാണ് ഈ പരിധിയില്‍ പെന്‍ഷന്‍ കൈവശപ്പെടുത്തിയത്.

പഞ്ചായത്ത് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയത് ആലപ്പുഴ ജില്ലാ പരിധിയിലാണ്. മണ്ണഞ്ചേരി പഞ്ചായത്തില്‍ 69 പേരാണ് അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. മാരാരിക്കുളം പഞ്ചായത്തില്‍ 47 ഉദ്യോഗസ്ഥരും തട്ടിപ്പ് നടത്തി.

Content Highlight: welfare pension fraud; Suspension against government officials lifted