കോഴിക്കോട്: തീവ്ര ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊന്ന സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ ചിത്രവും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരങ്ങളുടെ ചിത്രവും ഉള്‍പ്പെടുത്തിയുള്ള വെല്‍ഫയര്‍ പാര്‍ട്ടിയുടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനെതിരെ പ്രതിഷേധം. സംഘപരിവാറിനെ രാഷ്ട്രീയാധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നെഴുതിയ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പോസ്റ്ററിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്.
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തിയ സമരത്തിലെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി രാജ്യമാകെ പ്രചരിച്ച ചിത്രം ഉപയോഗിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് വോട്ട് ചോദിക്കുന്നത്.
കര്‍ഷകരെ അണിനിരത്തി നാസിക്കില്‍ നിന്നും മുംബൈയിലേക്ക് നടത്തിയ കിസാന്‍ ലോങ്ങ് മാര്‍ച്ചിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന ജെ.പി ഗാവിത്ത് നാസിക്കിലെ ദിന്‍ഡോരി മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിനെതിരെ മത്സരിക്കുമ്പോഴാണ് കേരളത്തില്‍ ഈ ചിത്രം യു.ഡി.എഫിന്റെ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്. ബി.ജെ.പിയും ഇവിടെ മത്സരിക്കുന്നുണ്ട്.
വിശാല പ്രതിപക്ഷ സഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചത്.
മഹാരാഷ്ട്രയിലെ എന്‍.സി.പിയുമായും ബീഹാറിലെ രാഷ്ട്രീയ ജനതാദളുമായും സീറ്റിനെ ചൊല്ലി സി.പി.ഐ.എം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും സീറ്റ് നീഷേധിക്കുകയായിരുന്നു.
നാസിക് ജില്ലയിലെ ദിണ്ഡോരി സീറ്റ് വേണമെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ ആവശ്യം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ബി.ജെ.പി വിജയിച്ച സീറ്റാണിത്. കര്‍ഷകരുടെ സ്വാധീന മേഖലയാണ് ദിണ്ഡോരി. കര്‍ഷകപ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും സി.പി.ഐ.എമ്മിന് നല്ല സ്വാധീനം ലഭിച്ച മേഖലയാണിത്.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് യു.ഡി.എഫിന് വേണ്ടി വെല്‍ഫയര്‍ പാര്‍ട്ടി പോസ്റ്ററുമായെത്തിയത്.
സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും മഹാരാഷ്ട്ര സെക്രട്ടറിയുമായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ ചിത്രമാണ് മറ്റൊന്ന്. പന്‍സാരെയ്‌ക്കൊപ്പം ഗൗരി ലങ്കേഷ്, കല്‍ബുര്‍ദി, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയോജിപ്പിന്റെ സ്വരമുയര്‍ത്തിയതിന്റെ പേരില്‍ സംഘപരിവാര്‍ വെടിയേറ്റ് വീണ രക്തസാക്ഷികള്‍ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍.
ഈ രണ്ട് ചിത്രങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമുയരുന്നത്.