തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിയെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
‘വാളയാറില്‍ പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ കൊലയാളികളെ സംരക്ഷിച്ച കേരള പൊലീസിന് ഒത്താശ ചെയ്ത ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയന്‍. പാലത്തായിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിന് രക്ഷപ്പെടാന്‍ പഴുതൊരുക്കിയതും ഇടതു സര്‍ക്കാരിന്റെ പൊലീസാണ്,’ ഹമീദ് വാണിയമ്പലം പറഞ്ഞു.
വനിതാ നവോത്ഥാനത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങള്‍ നടത്തുകയും സ്ത്രീ പീഡകരെ സംരക്ഷിക്കുകയും ചെയ്യുന്ന പൊലീസ് നയമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ സര്‍ക്കാര്‍ വെച്ചു പുലര്‍ത്തിയതെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സുരക്ഷയുമില്ലാത്ത നാടായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.
‘സ്ത്രീപീഡകര്‍ക്ക് സംരക്ഷണമൊരുക്കിയ സര്‍ക്കാരിന്റെ തലവനെതിരെയാണ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കുന്നതെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍മ്മടത്ത് ഭാഗ്യവതിക്ക് പിന്തുണ നല്‍കുന്നത്,’ ഹമീദ് പറഞ്ഞു.
വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട തന്റെ പെണ്‍മക്കളുടെ നീതിക്ക് വേണ്ടിയാണ് ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതെന്ന് ഭാഗ്യവതി നേരത്തെ പറഞ്ഞിരുന്നു. സംഘപരിവാറിന്റെ ഒഴികെ ഏത് സംഘടനയുടെയും പിന്തുണ സ്വീകരിക്കുമെന്നും അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.
തുടര്‍ഭരണമായാലും ഭരണം മാറിവന്നാലും തനിക്ക് നീതികിട്ടുന്നതു വരെ സമരം തുടരുമെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.
വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭാഗ്യവതി മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ഇവര്‍ ജനുവരിയില്‍ പാലക്കാട് സത്യഗ്രഹ സമരം ഇരുന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Welfare Party Supports Bhagyavathy