| Friday, 13th September 2019, 4:35 pm

'അനുമതി നല്‍കിയവരെ ശിക്ഷിക്കണം': മരടിലെ പ്രശ്‌നം പരിഹരിക്കേണ്ടത് ഫ്‌ളാറ്റ് പൊളിച്ചു നീക്കിയല്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മരടിലെ പ്രശ്‌നം പരിഹരിക്കേണ്ടത് ഫ്ളാറ്റ് സമുച്ഛയം പൊളിച്ച് നീക്കി താമസക്കാരെ കുടിയൊഴിപ്പിച്ചിട്ടല്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ശിക്ഷിക്കുകയാണ് വേണ്ടതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

ഫ്‌ളാറ്റ് വാങ്ങിയവരില്‍ മിക്കവരും നിയമലംഘനം തിരിച്ചറിയാതെ പണം മുടക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പരിസ്ഥിതി നിയമം ലംഘിച്ച് അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതാക്കളെ ശിക്ഷിക്കണം. അവരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കണം. അനധികൃതമായി നിര്‍മാണാനുമതി നേടിയെടുത്ത ബില്‍ഡര്‍മാരെയും ശിക്ഷിക്കണം. ഇപ്പോള്‍ ഫ്ളാറ്റ് വാങ്ങിയവരെ കുടിയൊഴിപ്പിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കില്ല. കേരളത്തില്‍ ഇത്തരത്തിലുള്ള നിരവധി അനധികൃത നിര്‍മാണങ്ങളുണ്ട്.’ ഹമീദ് വാണിയമ്പലം പറഞ്ഞു.

ഫ്ളാറ്റ് സമുച്ഛയം പൊളിച്ചുനീക്കുന്നതിനാവശ്യമായ ഭീമമായ ചെലവും അതിന്റെ അവശിഷ്ടങ്ങള്‍ തള്ളുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെയും അദ്ദേഹം ചൂണ്ടികാട്ടി. ഇതോടൊപ്പം ഫ്‌ളാറ്റ് വാങ്ങിയവരില്‍ മിക്കവരും ഈ നിയമലംഘനം തിരിച്ചറിയാതെ ആകെയുള്ള സമ്പാദ്യമാണ് ഇവിടെ മുടക്കിയതെന്നും കോടതി തീരുമാനത്തിന്റെ പശ്ചാത്തലം ശരിയാരിക്കത്തന്നെ ഈ യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഫ്ളാറ്റ് ഉടമകള്‍ മരട് നഗരസഭയുടെ ഫ്ളാറ്റ് കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കുന്നതിനൊപ്പം 140 എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയെ സമീപിക്കുക.

We use cookies to give you the best possible experience. Learn more