| Tuesday, 20th October 2020, 1:20 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി ധാരണയായതായി വെല്‍ഫെയര്‍ പാര്‍ട്ടി; കോണ്‍ഗ്രസുമായും ലീഗുമായും ചര്‍ച്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഖ്യത്തിലേര്‍പ്പെടാന്‍ ധാരണയായെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിക്ക് സ്വാധീനമുള്ള തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ജമാഅത്തെ ഇസ്‌ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് രാഷ്ട്രീയ ചര്‍ച്ചയുമായി ബന്ധമില്ലെന്നും ഹമീദ് പറഞ്ഞു.

സി.പി.ഐ.എം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് തീവ്രവാദ ബന്ധം ആരോപിക്കുന്നത് മൃദു ഹിന്ദുത്വ സമീപനം കൊണ്ടാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മുമായാണ് ധാരണയുണ്ടാക്കിയതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

അഴിമതിക്കാരെന്ന് പറഞ്ഞവരെ കൂടെക്കൂട്ടുകയും നേരത്തെ കൂടെക്കൂട്ടിയവരെ തീവ്രവാദികളെന്ന് വിളിക്കുന്നതും അവരുടെ നിലപാടില്ലായ്മയെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എമ്മിന് ഇക്കാര്യങ്ങളിലൊന്നും സത്യസന്ധമായ തീരുമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫുമായുണ്ടാക്കിയ ഈ ധാരണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് മാത്രമായി ഉണ്ടാക്കിയതാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫുമായി സഖ്യമുണ്ടാക്കുമെന്ന ചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അത്തരമൊരു ധാരണയില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ഈ ഘട്ടത്തിലാണ് ധാരണയായതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Welfare Party State president Hameed Vaniyambalam says there will be alliance with UDF in election

We use cookies to give you the best possible experience. Learn more