കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജ്യത്ത് ബി.ജെ.പി വിരുദ്ധചേരി രൂപപ്പെടുന്നതിന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി. ആര് പ്രധാനമന്ത്രിയാകണമെന്നൊക്കെയുള്ള ചര്‍ച്ച രണ്ടാമതാണ് ഉണ്ടാകേണ്ടതെന്നും ഇപ്പോള്‍ നടക്കേണ്ടത് ഐക്യശ്രമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടപ്പിച്ച മീറ്റ് ദ പ്രസിഡന്റ്
പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ ഫാസിസം, സവര്‍ണ മേല്‍ക്കോയ്മ, കോര്‍പ്പറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ എന്നിവയുടെ ഇരകളെ ചേര്‍ത്ത് പിടിച്ച് ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കുമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആഗ്രഹക്കുന്നെന്നും റസാഖ് പാലേരി പറഞ്ഞു.
മുസ്‌ലിങ്ങള്‍, ദളിതര്‍, ആദിവാസികള്‍, ക്രൈസ്തവര്‍, ദളിത് ക്രൈസ്തവര്‍, പിന്നാക്ക ഹിന്ദുക്കള്‍, സ്ത്രീകള്‍, തീരദേശ ജനത, ഭൂരഹിതര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശവും അധികാര പങ്കാളിത്തവും സത്യസന്ധമായി ഉയര്‍ത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിനാണ് പാര്‍ട്ടി നേതൃത്വം കൊടുക്കാന്‍ പോകുന്നത്.
പരമ്പരാഗത പാര്‍ട്ടികള്‍ ഇത്തരം ജനതകളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഹിന്ദുത്വ ഫാസിസം, കോര്‍പ്പറേറ്റ് ആധിപത്യം, വംശീയ മേധാവിത്വം, സവര്‍ണ്ണ മേല്‍ക്കോയ്മ, ഭരണകൂട ഭീകരത, ജനവിരുദ്ധ ഭരണ സമീപനം എന്നിവയ്‌ക്കെതിരായ ജനാധിപത്യത്തില്‍ അടിയുറച്ച ജനപക്ഷ രാഷ്ട്രീയ ചേരി രൂപപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയു. ഇതിനാവശ്യമായ കര്‍മപദ്ധതിക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ ഫാസിസത്തെ പരാജയപ്പെടുത്താന്‍ കഴിയുന്ന കൃത്യമായ ഒരു പദ്ധതിയും
പരമ്പരാഗത രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ടുവെക്കുന്നില്ല. തെരഞ്ഞെടുപ്പ് ധാരണക്ക് പോലും കഴിയാത്ത വിധം ആശയക്കുഴപ്പങ്ങളിലാണ് അവര്‍ എത്തിപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഫാസിസ്റ്റ് വിരുദ്ധ ചേരി രൂപപ്പെടുത്തണം.
ഹിന്ദുത്വയുടെ ഈ പദ്ധതിയെ അഭിമുഖീകരിക്കാന്‍ കഴിയുന്ന ആശയപരവും പ്രായോഗികമായ രാഷ്ട്രീയ ശക്തി അനിവാര്യമാണ്. അതിന് വെല്‍ഫെയര്‍ പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിപുലമായ ജനകീയ സംവാദം പാര്‍ട്ടി നടത്തുമെന്നും റസാക്ക് പാലേരി പറഞ്ഞു.