കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളില്‍ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മിക്കയിടങ്ങളിലും ലഭിച്ചത് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ വോട്ടുകള്‍. അതില്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തിലും നോട്ടക്ക് താഴെ മാത്രമാണ് പാര്‍ട്ടിക്ക് വോട്ടു നേടാനായത്. അഞ്ച് മണ്ഡലങ്ങളില്‍ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടു നേടിയത്.
2016ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആദ്യമായി നേരിട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ 955 വോട്ടുകളായിരുന്നു നേടിയത്. ഇത്തവണ അത് 616 വോട്ടുകളായി കുറഞ്ഞു. അതേ മണ്ഡലത്തില്‍ 758 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. അമ്പലപ്പുഴ മണ്ഡലത്തില്‍ 2016ല്‍ 878 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ അത് 525 വോട്ടാണ്. അവിടെ നോട്ടയുടെ വോട്ട് 591 ആണ്.
കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലത്തില്‍ 2016ല്‍ 1,222 വോട്ട് നേടിയത് ഇത്തവണ 605 ആയി കുറഞ്ഞു. ആലുവ, കയ്പമംഗലം, പട്ടാമ്പി, പൊന്നാനി, വണ്ടൂര്‍, മലപ്പുറം, ബാലുശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലും വലിയ കുറവാണ് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതത്തിലുണ്ടായത്. വോട്ട് വര്‍ധിപ്പിച്ച അഞ്ച് മണ്ഡലങ്ങളിലും നേരിയ വര്‍ധന മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് യു.ഡി.എഫുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നുള്ള വിമര്‍ശനമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഏതെങ്കിലും വിധത്തില്‍ യു.ഡി.എഫിന്റെ വിജയത്തെ സ്വാധീനിക്കുന്ന മണ്ഡലങ്ങളിലൊരിടത്തും മത്സരിക്കാതെ യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മാത്രം കേവലം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്തിരിക്കുന്നതെന്നായിരുന്നു വിമര്‍ശനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlights: Welfare Party earned the lowest number of votes in most of the constituencies