കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ വ്യാജപ്രചാരണം. റാലിയില്‍ ഇറ്റലിയുടെ പതാക ഉപയോഗിച്ചെന്നാണ് അന്താരാഷ്ട്ര തലത്തിലടക്കം നടക്കുന്ന പ്രചാരണങ്ങളിലുള്ളത്. ഫലസ്തീന്‍ പതാകയ്ക്ക് പകരം ഇറ്റലിയുടെ പതാക ഉപ യോഗിച്ചെന്ന് പറഞ്ഞ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലടക്കം രംഗത്ത് വന്നിരിക്കുന്നത്. ജനം ടിവിയും ഇറ്റലിയുടെ പതാക ഉപയോഗിച്ചെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നെങ്കിലും ആ വാര്‍ത്ത പിന്നീട് പിന്‍വലിച്ചു.
ഇമാം ഓഫ് പീസിന്റെ ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് ജനം ടി.വി. വാര്‍ത്ത നല്‍കിയിരുന്നത്. അബന്ധം മനസ്സിലാക്കിയ ഇമാം ഓഫ് പീസ് ട്വീറ്റ് പിന്‍വലിച്ചതിന് പിന്നാലെയാണ് ജനം ടി.വിയും വാര്‍ത്ത പിന്‍വലിച്ചത്. എന്നാല്‍ സംഘപരിവാര്‍ അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഇപ്പോഴും ഈ പ്രചരണം ശക്തമാണ്.
പതാക ഉപയോഗിച്ചതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലയെന്നും ഇറ്റാലിയന്‍ പതാകയോ ഫലസ്തീന്‍ പതാകയോ അല്ല മറിച്ച് സ്വന്തം പാര്‍ട്ടിയുടെ പതാകയാണ് പ്രവര്‍ത്തകര്‍ ഉപയോഗിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ ഫാക്ട് ചെക്ക് ചെയ്ത് തന്റെ എക്സ് അക്കൗണ്ടിലൂടെ പറഞ്ഞു. ബി.ജെ.പി പ്രോപഗണ്ട അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പതാകയ്ക്ക് ഇറ്റാലിയന്‍ പതാകയുമായി ശ്രദ്ധേയമായ സാമ്യമുണ്ട്. ഇറ്റാലിയന്‍ പതാകയില്‍ മൂന്ന് പാനലുകളും ശൂന്യമാണ്. എന്നാല്‍ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പതാകയില്‍ മധ്യഭാഗത്ത് ഡിസൈന്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന വീഡിയോകള്‍ കുറഞ്ഞ റെസല്യൂഷനില്‍ ഉള്ളതിനാല്‍ വെള്ള പശ്ചാത്തലത്തില്‍ മഞ്ഞ ഇലകള്‍ ഉള്ള ചിഹ്നം പലപ്പോഴും ദൃശ്യമാകില്ല.
മാത്രമല്ല വെല്‍ഫെയര്‍ പാര്‍ട്ടി പോസ്റ്റ് ചെയ്ത പ്രതിഷേധത്തിന്റെ മറ്റു വീഡിയോകളില്‍ ഇത് ഇറ്റാലിയന്‍ പതാകയല്ലയെന്ന് വ്യക്തമായി കാണാം. ആയതിനാല്‍ പ്രതിഷേധത്തിന് പതാക തിരഞ്ഞെടുക്കുന്നതില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും മുഹമ്മദ് സുബൈര്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 20ന് പാലക്കാട് വെച്ച് നടന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിനോട് അനുബന്ധിച്ച ചിത്രങ്ങളും വിഡിയോകളുമാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.
Content Highlight: Welfare Party of India didn’t use Italian flag to support phalastine