| Thursday, 27th June 2019, 8:26 pm

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച പ്രവര്‍ത്തകന്‍ രാജിവെക്കാനിടയായ കാരണം വെളിപ്പെടുത്തുന്നു

ജംഷീന മുല്ലപ്പാട്ട്

ദളിത് വിരുദ്ധതമൂലം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച പ്രവര്‍ത്തകന്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു,(പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നില്ല)

ഏഴുവര്‍ഷം മുന്‍പ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചതില്‍ ഒരു രാഷ്ട്രീയകക്ഷിയാണ് ജമാഅത്ത് ഇസ്ലാമി ഹിന്ദ്. അതിനുകാരണം ഇന്ത്യാ മഹാരാജ്യത്ത്, ബഹുസ്വരതയുള്ള സമൂഹത്തില്‍ സിവില്‍ പൊളിറ്റിക്സ് കൊണ്ട് നമ്മള്‍ ലക്ഷ്യംവെയ്ക്കുന്ന ഒരു രാഷ്ട്രനിര്‍മാണം കഴിയില്ലെന്നും അതില്‍ പവര്‍ പൊളിറ്റിക്സ് വേണമെന്നും തോന്നിയതായിരുന്നു. 1998 മുതല്‍ എനിക്ക് ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുണ്ട്. 2005-ല്‍ ജമാഅത്ത് ഇസ്ലാമിയുടെ യുവജനസംഘടന സോളിഡാരിറ്റി നിലവില്‍വന്നു. അപ്പോള്‍ സ്വാഭാവികമായും ഞാന്‍ അതിന്റെ ഭാഗമായിരുന്നു. അതിന്റെ അംഗവും ഓഫീസ് സെക്രട്ടറിയും ആയി പദവികള്‍ അലങ്കരിച്ചു. അതിനുശേഷമാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രഖ്യാപനവും കഴിഞ്ഞ്, സംസ്ഥാനതലത്തിലെ പ്രഖ്യാപനവും കഴിഞ്ഞ് പാലക്കാട് ജില്ലയില്‍ പ്രഖ്യാപനത്തിനായി ഒരുങ്ങുമ്പോള്‍ അതിനുവേണ്ട ആളുകളെ കണ്ടെത്തുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച ആളാണു ഞാന്‍. ജില്ല മുഴുവന്‍ സഞ്ചരിച്ച് ഓരോ സ്ഥലത്തും ക്യാമ്പ് ചെയ്ത് പാര്‍ട്ടിയിലേക്ക് ആളുകളെ കൊണ്ടുവന്നയാളാണു ഞാന്‍. ഇപ്പോള്‍ ഞാന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവെയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഏഴ് സ്ഥാനങ്ങളാണു ഞാന്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. പാലക്കാട് മണ്ഡലം സെക്രട്ടറിയായിരുന്നു, ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു, സംഘടനാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നു. പക്ഷേ കുറച്ചു വര്‍ഷങ്ങളായിട്ട് നമുക്ക് യോജിക്കാന്‍ പറ്റാത്ത കുറേ രീതികള്‍ പാര്‍ട്ടിയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇത്രയും വര്‍ഷത്തെ ബന്ധമുള്ളതുകൊണ്ട് ഇതെനിക്ക് അബദ്ധം പറ്റിയതാണോ തോന്നലാണോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു.

പാര്‍ട്ടിയിലേക്ക് വരുന്നതിനു മുന്‍പ് ഞാന്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അതിന്റെ നയനിലപാടുകളോടു യോജിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഞാന്‍ ഇതിലേക്കു വന്നത്. പക്ഷേ ഇതിലെ ചില കാര്യങ്ങള്‍ അറിയുകയും കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന സമയത്ത് നമുക്കു യോജിക്കാന്‍ പറ്റാത്ത ചില പെരുമാറ്റങ്ങളും തീരുമാനങ്ങളും ഉണ്ടാവുന്ന ഒരനുഭവം എനിക്കുണ്ടായി.

അതു പ്രധാനമായും, ബഹുസ്വരത വേണമെന്നാഗ്രഹിക്കുന്ന ഒരു പാര്‍ട്ടിയില്‍, ബഹുസ്വരതയ്ക്കുവേണ്ടി മാത്രം മറ്റുള്ള മതത്തിലുള്ളവരെ കണ്ടെത്തുകയും ആ ബഹുസ്വരതയുള്ള സമൂഹത്തിലെ ദുര്‍ബലരായ ദളിത് വിഭാഗത്തില്‍പ്പെട്ടയാളുകളോട് മോശമായ പെരുമാറ്റവും സമീപനവുമാണു സ്വീകരിക്കാറുള്ളത്. ഇത് ഞങ്ങളുടെ പാര്‍ട്ടിയാണ്. നിങ്ങള്‍ ഞങ്ങളുടെ പണിക്കാരാണ്. ഞങ്ങള്‍ പറയുന്നതു കേട്ടാല്‍ മതി. എന്ന രീതിയിലൊക്കെയാണ് പറയാതെ പറയുന്നത്. ഇതൊന്നും നേരിട്ടു പറയില്ലെങ്കില്‍പ്പോലും അങ്ങനെയാണ് പ്രവൃത്തിയിലൂടെ മനസ്സിലാകുന്നത്. കാരണം, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെങ്കില്‍ അയാളോട് ഒരു പെരുമാറ്റമായിരിക്കും. പക്ഷേ പാര്‍ട്ടിയുടെ ഒരു യൂണിറ്റ് ഭാരവാഹി ഉയര്‍ന്ന സമൂഹത്തിലെയാണെങ്കില്‍ അയാളോട് വേറൊരു പെരുമാറ്റമായിരിക്കും. അങ്ങനെ മോശമായ പെരുമാറ്റവും ബോഡി ലാംഗ്വേജും ഒക്കെയാണ് നമുക്ക് അനുഭവിക്കാന്‍ കഴിയുന്നത്.

മാത്രമല്ല, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കെതിരേ ഉന്നയിക്കാന്‍ കഴിയുന്ന രണ്ട് ആരോപണങ്ങളാണ് സ്ത്രീവിഷയവും സാമ്പത്തികവിഷയവും. ഞങ്ങള്‍ക്കെതിരേ സ്ത്രീവിഷയം ഉന്നയിക്കാന്‍ ചാന്‍സില്ല. സദാചാര മര്യാദയൊക്കെ പാലിച്ച് മാന്യമായി ജീവിക്കുന്നയാളുകളാണ് ഞങ്ങള്‍. പിന്നെ സാമ്പത്തിക ആരോപണമാണ് ഉന്നയിച്ചത്. പാര്‍ട്ടിയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനഫണ്ട് പിരിവിലാണ് സാധാരണ പൈസ കൈയില്‍ വരിക. എന്റെ പഞ്ചായത്തിലെ ടാര്‍ഗറ്റ് കഴിഞ്ഞ് അധികം പൈസ പിരിച്ചുകൊടുത്ത്, പറഞ്ഞസമയത്ത് ഫണ്ട് അവിടെ അടച്ചുതീര്‍ത്തു കഴിഞ്ഞു. എന്നിട്ട് അവിടെ ഓഫീസില്‍ നിന്ന് നമുക്കു കിട്ടാനുള്ള വിഹിതം, അതായത് പാര്‍ട്ടിയില്‍ നിന്ന് ചെറിയൊരു വിഹിതം വാങ്ങി പ്രവര്‍ത്തിക്കുന്ന ഫുള്‍ടൈമറാണു ഞാനൊക്കെ. നമ്മള്‍ ആ വിഹിതം കുറച്ച് അഡ്വാന്‍സ് ആയിട്ട് ചോദിച്ചു. കാരണം, ഈ സമയത്ത് പത്തായിരം രൂപ കിട്ടിയാലും ഒരു കുടുംബത്തിനു ജീവിക്കാന്‍ കഴിയില്ല. ഞാനൊരു ഹാര്‍ട്ട് പേഷ്യന്റാണ്. അപ്പോ ചികിത്സയുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു പത്തായിരം രൂപ ചോദിച്ചപ്പോള്‍, അതു കൊടുക്കേണ്ടതില്ല എന്നാണ് ഉത്തരവാദിത്വപ്പെട്ടവര്‍ എന്നോടു പറഞ്ഞത്.

കാരണം,തെറ്റിദ്ധാരണയാണ്. അവര്‍ മനസ്സിലാക്കിയിരിക്കുന്നത്, പാര്‍ട്ടിഫണ്ട് പിരിച്ചിട്ട് സമയത്ത് തരാതെ അതെന്തോ തിരിമറി ചെയ്തതിന്റെ പേരില്‍ ആ കുറവ് നികത്താനാണ് ശമ്പളത്തിന്റെ അഡ്വാന്‍സ് ചോദിക്കുന്നത് എന്നാണ്. എന്നാല്‍ ഞാന്‍ പിരിച്ചെടുത്ത പൈസ എത്രയും പെട്ടെന്ന് എത്തിക്കണം എന്നതുകൊണ്ട്, ഞാന്‍ പലഘട്ടങ്ങളിലായി അതു നല്‍കി. കണക്കുപ്രകാരം ആയിരം രൂപയോളം എനിക്ക് ഇങ്ങോട്ടു തരാനാണുള്ളത്. അങ്ങനെ കണക്ക് പറഞ്ഞതും പറയാത്തതുമായി ഒരുപാട് കാര്യങ്ങളൊക്കെയുണ്ട്.

നമ്മുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന, സംശയത്തോടെ നോക്കിക്കാണുന്ന, ഒരു രീതിയും പെരുമാറ്റവുമൊക്കെ ഉണ്ടായിത്തുടങ്ങി. പിന്നെ കടുത്ത അവഗണനയും നമുക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ജില്ലാ കമ്മിറ്റിയില്‍ ഒരു സംസാരമുണ്ടായി. ഇക്കാലമത്രയും ഇത്രനാള്‍ സജീവമായി പണിയെടുത്തയാളല്ലേ അയാള്‍ എന്ന സംസാരം വന്നപ്പോള്‍ മുന്‍നിര നേതാക്കള്‍ പറഞ്ഞത്, അതു മൂപ്പരുടെ കഴിവുകൊണ്ടൊന്നുമല്ല, ടീം വര്‍ക്കിലൂടെയുണ്ടായ നേട്ടമാണ് എന്നാണ്. അതുവരെ പറഞ്ഞത്, അദ്ദേഹം നല്ല പ്രവര്‍ത്തനം നടത്തുന്നുണ്ട്, പാര്‍ട്ടിയില്‍ വലിയ മാറ്റമുണ്ട്, അതിന്റെ എല്ലാ ക്രെഡിറ്റുംഅദ്ദേഹത്തിനാണ് എന്നായിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യം വന്നപ്പോള്‍ അതു മൂപ്പരുടെ കഴിവുകൊണ്ടല്ല, ടീം വര്‍ക്കിലൂടെയുള്ള നേട്ടമാണ് എന്നൊക്കെ പറയാനും നമ്മളെ അവഹേളിക്കാനും അവഗണിക്കാനും മാനസികമായി വേദനിപ്പിക്കാനും തുടങ്ങി. ഇത്തരം അനുഭവങ്ങളൊക്കെ വെച്ച് ആത്മാര്‍ഥമായി പണിയെടുത്ത ഒരാള്‍ക്കു മുന്നോട്ടുപോകാന്‍ കഴിയില്ല. യാന്ത്രികമായി തുടരാന്‍ കഴിയില്ല. അതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ രാജിക്കത്ത് കൊടുത്തത്.

രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിനു കൊടുത്തപ്പോള്‍, അദ്ദേഹം ജില്ലാ പ്രസിഡന്റിനെ വിളിച്ചുപറഞ്ഞു, അദ്ദേഹം പറയുന്നത് അന്വേഷിക്കണം, അദ്ദേഹം മാറ്റിനിര്‍ത്തപ്പെടേണ്ടയാളല്ല, അദ്ദേഹം ഇത്രനാളും കൂടെനിന്നയാളാണ് എന്നായിരുന്നു. അങ്ങനെ പറഞ്ഞപ്പോള്‍, പെരുന്നാള്‍ നോമ്പ് കഴിഞ്ഞിട്ട് സംസാരിക്കാം എന്ന് ജില്ലാ പ്രസിഡന്റ് എന്നോടു പറഞ്ഞു. ഇനി ഈ കത്തുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നു ഞാന്‍ പറഞ്ഞു.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

Latest Stories

We use cookies to give you the best possible experience. Learn more