അതിഥിതൊഴിലാളികളെ സംഘടിപ്പിച്ചതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍
COVID-19
അതിഥിതൊഴിലാളികളെ സംഘടിപ്പിച്ചതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st March 2020, 10:23 pm

ഹരിപ്പാട്: അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍. ഹരിപ്പാട് സ്വദേശി നസറുദ്ദീന്‍ ആണ് അറസ്റ്റിലായത്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഭാരവാഹിയാണ് നസറുദ്ദീന്‍. ഹരിപ്പാട് പൊലീസാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ജങ്ഷനില്‍ മുപ്പതോളം അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചതിലാണ് കേസ്. പുതിയ ഓര്‍ഡിനന്‍സ് പ്രകാരമുള്ള വകുപ്പ് ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ നേരത്തെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മു്ന്‍മണ്ഡലം പ്രസിഡന്റ് ഷെരീഫ് ആണ് അറസ്റ്റിലായത്.

അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് പോവുന്നതിന് വേണ്ടി നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ അനുവദിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇന്നലെ മലപ്പുറം എടവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഷാക്കിര്‍ തുവ്വക്കാടും അറസ്റ്റിലായിരുന്നു.

ഷാക്കിറിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഷെരിഫിനെ അറസ്റ്റ് ചെയ്തത്. ഷെരീഫ് ആവശ്യപ്പെട്ടതിന്റെ പേരിലാണ് താന്‍ ഇത്തരമൊരു ശബ്ദസന്ദേശം ഉണ്ടാക്കി പ്രചരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഷാക്കിര്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

തുടര്‍ന്ന് സ്വന്തം ശബ്ദത്തില്‍ വോയ്സ് റെക്കോര്‍ഡ് ചെയ്യുകയും ഇരുവരും ചേര്‍ന്ന് പ്രചരിപ്പിക്കുകയുമായിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.