ശ്രീജ നെയ്യാറ്റിന്‍കരക്കെതിരെ എന്ത് കൊണ്ട് അച്ചടക്ക നടപടി?; പ്രതികരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ്
Kerala News
ശ്രീജ നെയ്യാറ്റിന്‍കരക്കെതിരെ എന്ത് കൊണ്ട് അച്ചടക്ക നടപടി?; പ്രതികരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd June 2020, 5:50 pm

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടായ ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം. നടപടിയ്ക്ക് പിന്നാലെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ശ്രീജ നെയ്യാറ്റിന്‍കര രാജിവെച്ചിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി വിശദീകരണം

പാര്‍ട്ടി സംഘടനാ അച്ചടക്കവും പെരുമാറ്റച്ചട്ടവും നേതാവ് എന്ന നിലയില്‍ പുലര്‍ത്തേണ്ട കൂട്ടുത്തരവാദിത്വവും ജനാധിപത്യ സംസ്‌കാരവും ശ്രീമതി ശ്രീജ ലംഘിച്ചുവെന്ന് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവിനും പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ്പ്രസിഡണ്ട് സ്ഥാനത്ത് നിന്നും അവരെ 2020 ജൂണ്‍ 10 മുതല്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

കണ്ണൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന്‍ പീഡിപ്പിച്ച വിഷയത്തില്‍, തുടക്കം മുതല്‍ ശക്തമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ബി.ജെ.പി നേതാവിനെ സംരക്ഷിക്കുകയും സംഘ്പരിവാര്‍ നേതാവ് ഉള്‍പ്പെട്ട കേസില്‍ മൃദുസമീപനം പുലര്‍ത്തുകയും ചെയ്യുന്ന പോലീസ് നിലപാട് തുറന്നുകാണിച്ചും അതിനെതിരെ ജനങ്ങളെ അണിനിരത്തിയുമാണ് പാര്‍ട്ടിയുടെ പോഷക സംഘടനയായ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്.

ഒടുവില്‍ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതമായതില്‍ ഈ പ്രക്ഷോഭങ്ങളും നിര്‍ണായക പങ്കുവഹിച്ചു. പ്രതി പിടിക്കപ്പെട്ടതിന് ശേഷം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിനും അന്വേഷണത്തില്‍ ഇപ്പോഴും പുലര്‍ത്തുന്ന ഉദാസീനതക്കെതിരെയും പാര്‍ട്ടിയും വിമന്‍ ജസ്റ്റിസും പ്രക്ഷോഭം തുടര്‍ന്ന് വരികയുമാണ്. പാലത്തായിയിലെ കുട്ടിക്ക് നീതി ലഭിക്കും വരെ ജാഗ്രതയോടെയുള്ള നിരന്തര ഇടപെടലും നിയമപരവും രാഷ്ട്രീയവുമായ പോരാട്ടവും പാര്‍ട്ടിയും വിമന്‍ ജസ്റ്റിസും തുടരുകയും ചെയ്യും.

പാലത്തായിയില്‍ പീഡിപ്പിക്കപ്പെട്ട പിഞ്ചുകുട്ടിയുടെ നീതിക്കായി നടന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് തയ്യാറാക്കിയ സാമൂഹിക പ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ജനപ്രതിനിധികളും ഒപ്പുവെച്ച സംയുക്ത പ്രസ്താവന. എന്നാല്‍, ഈ പ്രസ്താവനയില്‍ ഒപ്പുവെക്കാന്‍ പാര്‍ട്ടി ഭാരവാഹിയായിരുന്ന ശ്രീമതി ശ്രീജ നെയ്യാറ്റിന്‍കര വിസമ്മതിക്കുകയാണ് ചെയ്തത്. ഇതിന് ശേഷം മാത്രം വിഷയത്തില്‍ ഇടപ്പെട്ട അവര്‍ സംയുക്ത പ്രസ്താവനക്ക് സമാന്തരമായി സ്വന്തംനിലക്ക് മുഖ്യമന്ത്രിക്ക് തുറന്നകത്ത് തയ്യാറാക്കുകയും അതില്‍ ഒപ്പുവെക്കാന്‍ മറ്റുള്ളവരോട് ആഹ്വാനം നടത്തുകയും ചെയ്തു. പാലത്തായി വിഷയത്തില്‍ സ്വന്തംനിലക്ക് സമൂഹമാധ്യമം വഴി നടത്തിയ പ്രചരണത്തില്‍ അതില്‍ ഇടപ്പെട്ട മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും മാധ്യമങ്ങളുടെയും പങ്ക് എടുത്തുപറയുകയും അവരെ പ്രശംസിക്കുകയും ചെയ്തപ്പോഴും അതില്‍ പാര്‍ട്ടിയുടെ പോഷക സംഘടന നടത്തിയ ക്രിയാത്മക ഇടപെടലും പ്രക്ഷോഭവും ബോധപൂര്‍വം മറച്ചുവെച്ചു. താന്‍ ഭാരവാഹിയായ പാര്‍ട്ടിയുടെ പോഷക സംഘടനയുടെ സാമൂഹ്യ ഇടപെടലിനെ അപ്രസക്തമാക്കാന്‍ ഒരു ഭാരവാഹി തന്നെ ശ്രമിക്കുന്നത് അച്ചടക്കത്തിന്റെയും കൂട്ടുത്തരവാദിത്വത്തിന്റെയും ലംഘനമാണ്. സ്ത്രീകളുടെ സാമൂഹ്യനീതിക്കും അവകാശ സംരക്ഷണത്തിനും വേണ്ടി പാര്‍ട്ടി രൂപീകരിച്ച വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിനോട് അവര്‍ തുടക്കം മുതല്‍ സ്വീകരിച്ചു വരുന്ന നിഷേധാത്മക നിലപാടുകളുടെ തുടര്‍ച്ചയായാണ് പാര്‍ട്ടി ഇതിനെ കാണുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ശ്രീമതി ശ്രീജ നെയ്യാറ്റിന്‍കരക്ക് നേരെ സംഘ്പരിവാര്‍ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങളിലും വ്യാജ പ്രചാരണങ്ങളിലും അത്തരം സന്ദര്‍ഭങ്ങളിലെല്ലാം പാര്‍ട്ടി ഇടപെടുകയും പിന്തുണ നല്‍കുകയും പ്രതികരിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കെതിരെ സംഘ്പരിവാര്‍ ഫേക്ക് അക്കൗണ്ടില്‍ നിന്ന് വ്യക്തിഹത്യപരമായ തരത്തിലുള്ള പ്രചരണം നടന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് നേരിട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതാണ്. ഈ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ ശ്രീജ നെയ്യാറ്റിന്‍കരയോട് പാര്‍ട്ടിയാണ് നിര്‍ദ്ദേശിച്ചത്. വിമന്‍ ജസ്റ്റിസും ഇതില്‍ ശക്തമായി പ്രതികരിച്ചിരുന്നു.

എന്നാല്‍, ഇതെല്ലാം മറച്ചുവെക്കുന്നതും നിസ്സാരവല്‍ക്കരിക്കുന്നതും പാര്‍ട്ടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതുമായ നടപടിയാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. പാര്‍ട്ടി അവര്‍ക്ക് പിന്തുണ നല്‍കുന്നില്ല എന്ന രീതിയില്‍ പാര്‍ട്ടി എതിരാളികള്‍ നടത്തിയ ദുരുദ്ദേശപരമായ പ്രചരണങ്ങളോട് ബോധപൂര്‍വം മൗനം പാലിച്ച് വ്യാജ പ്രചാരകര്‍ക്ക് പിന്തുണ നല്‍കുംവിധം പാര്‍ട്ടിയുടേതല്ലാത്ത മറ്റെല്ലാ പിന്തുണകളെയും പ്രചരണ സാമഗ്രികളെയും പ്രചരിപ്പിക്കുകയും പാര്‍ട്ടി പിന്തുണ ജനങ്ങളില്‍ നിന്ന് മറച്ച് പിടിക്കുകയുമാണ് അവര്‍ ചെയ്തത്.

അതോടൊപ്പം പാര്‍ട്ടിയോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്യാതെ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ഒറ്റക്ക് സമരം നടത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി പിന്തുണ തനിക്കില്ല എന്ന സന്ദേശം നല്‍കി വിമര്‍ശകരുടെ ആക്ഷേപത്തെ സാധൂകരിക്കുകയും കാര്യങ്ങളെ നേര്‍വിപരീതമായി അവതരിപ്പിക്കുകയും പാര്‍ട്ടി വിമര്‍ശകര്‍ക്ക് പാര്‍ട്ടിയെ ആക്രമിക്കാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന ദുരുദ്ദേശപരമായ ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ല.

കമ്മിറ്റികളില്‍ സ്വതന്ത്രാഭിപ്രായ പ്രകടനത്തിന് തുറന്ന അവസരം നല്‍കുകയും ചര്‍ച്ചകളിലൂടെ രൂപപ്പെടുന്ന തീരുമാനങ്ങളെ ജനമധ്യത്തില്‍ പ്രതിനിധീകരിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും വീഴ്ച വരുത്തിയവര്‍ സ്വയം വിലയിരുത്തലുകള്‍ക്കും തിരുത്തലുകള്‍ക്കും സന്നദ്ധമാവുകയും ചെയ്യുന്ന കൂട്ടുത്തരവാദിത്വ ജനാധിപത്യ രീതിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി തുടക്കം മുതല്‍ കാത്തുസൂക്ഷിക്കുന്നത്. പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ വിശദീകരണം ചോദിക്കലും വിശദീകരണം പാര്‍ട്ടിക്ക് തൃപ്തികരമല്ലെങ്കില്‍ തെറ്റുതിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതും ഇതേ പാര്‍ട്ടി സംസ്‌കാരത്തിന്റെ ഭാഗമാണ്.

പാര്‍ട്ടി പിന്തുടരുന്ന ഈ രീതിയുടെ ഭാഗമായാണ് ശ്രീമതി ശ്രീജയോട് പാര്‍ട്ടി 14 ദിവസം സമയം നല്‍കി വിശദീകരണം ആരാഞ്ഞത്. ജനാധിപത്യ നടപടി ക്രമത്തിന്റെ ഭാഗമായി പാര്‍ട്ടി നല്‍കിയ കത്തിന് ധിക്കാരപരമായും പാര്‍ട്ടിയുടെ സംഘടനാ രീതികളെ പരിഹസിക്കുന്നതും പാര്‍ട്ടി കമ്മിറ്റിയെ വെല്ലുവിളിക്കുന്നതുമായ മറുപടിയാണ് അവര്‍ നല്‍കിയത്. ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവിലും സംസ്ഥാന പ്രവര്‍ത്തക സമിതിയിലും അവരെ മുന്‍കൂട്ടി അറിയിച്ചിട്ടും അവര്‍ പങ്കെടുത്തിരുന്നില്ല. അവരൊഴികെ ബാക്കി മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത 2020 ജൂണ്‍ 10ന് നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി അച്ചടക്ക ലംഘനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പാര്‍ട്ടി വ്യവസ്ഥകള്‍ പ്രകാരം അവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിച്ചതിനും മുമ്പ് മൂന്ന് തവണ പാര്‍ട്ടി താക്കീതിന് വിധേയമായതിനാല്‍ സ്വാഭാവിക നടപടി ക്രമമായിരുന്നു സസ്‌പെന്‍ഷന്‍.

വിവേചനങ്ങള്‍ നേരിടുന്ന സമൂഹങ്ങളുടെ സാമൂഹ്യനീതിക്കും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും അതിന് അനുരൂപമായ സംഘടനാ സംവിധാനവും സംസ്‌കാരവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ഏതെങ്കിലം വ്യക്തിക്ക് പ്രത്യേകമായ അധികാരമോ പരിഗണനയോ അനുവദിക്കാനാവില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളെ പ്രതിനിധീകരിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പാര്‍ട്ടി ചട്ടങ്ങളും അച്ചടക്കവും പാലിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കുകയും ചെയ്യാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. എന്നാല്‍, പൊതുസമൂഹത്തില്‍ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കും വിധം ഇടപെടലുകള്‍ നടത്തുകയും ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി നല്‍കിയ കത്തിന് അവ്യക്തവും ജനാധിപത്യ വിരുദ്ധവുമായ മറുപടി നല്‍കുകയും ചെയ്തത് സംഘടനാ അച്ചടക്കത്തിന് എതിരായതിനാലാണ് എല്ലാ സംഘടനാ മര്യാദകളും പാലിച്ച് ശ്രീമതി ശ്രീജയെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ അംഗീകരിച്ച് തെറ്റ് തിരുത്തി പാര്‍ട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെയും അതിന്റെ പ്രയോഗ ഘടകമായ പാര്‍ട്ടിയെയും പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഏകപക്ഷീയ നിലപാട് പുലര്‍ത്തി അവര്‍ രാജിവെക്കുകയുമാണ് ചെയ്തത്.

പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തോട് വിദ്വേഷം പുലര്‍ത്തുന്ന പൊതുബോധത്തെ ഉപയോഗിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ എതിരാളികള്‍ നികൃഷ്ടമായ പ്രചാരണം നടത്തുന്നുണ്ട്. പാര്‍ട്ടി രൂപീകരണം മുതല്‍ സംഘ്പരിവാറിനും സവര്‍ണ ഫാഷിസത്തിനുമെതിരെ നിര്‍ഭയമായി പോരാടി അവിസ്മരണീയമായ പ്രക്ഷോഭ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നാടിന് വേണ്ടിയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും വേണ്ടി നടത്തുന്ന അപഹാസ്യമായ ശ്രമങ്ങള്‍ കേരളീയ സമൂഹം തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്ന് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അഭ്യര്‍ഥിക്കുന്നു. സാമൂഹ്യനീതിയിലധിഷ്ടിതമായ ക്ഷേമരാഷ്ട്രത്തിനായി നിലകൊള്ളുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാട് നല്‍കുന്ന പിന്തുണയോടെ നീതിനിഷേധിക്കപ്പെടുന്ന സാധാരണ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി പാര്‍ട്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും എക്‌സിക്യൂട്ടീവ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.