| Friday, 21st May 2021, 7:53 pm

ന്യൂനപക്ഷക്ഷേമം: ആദ്യം വി. അബ്ദുറഹ്മാന്, പിന്നെ ഏറ്റെടുത്ത് മുഖ്യമന്ത്രി; വിവാദം, മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ന്യൂനപക്ഷക്ഷേമ വകുപ്പ് ആദ്യം നിശ്ചയിച്ച വി. അബ്ദുറഹ്മാനില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നില്‍ ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദമെന്ന് ആരോപണം. ന്യൂനപക്ഷ വകുപ്പ് എല്ലാക്കാലത്തും മുസ്‌ലീം ലീഗും മുസ്‌ലീം മന്ത്രിമാരുമാണ് ഏറ്റെടുക്കുന്നതെന്ന് വിമര്‍ശനമുണ്ടായിരുന്നു.

കേരളത്തിലെ ന്യൂനപക്ഷ വകുപ്പ് എല്ലാക്കാലത്തും ലീഗും മുസ്‌ലീം മന്ത്രിമാരുമാണ് ഏറ്റെടുത്ത് നടത്തുന്നതെന്നും മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാറില്ലെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കമുള്ളവരുടെ പ്രചരണം.

ഈ പ്രചരണം കത്തോലിക്ക സഭ അടക്കമുള്ള വിവിധ ക്രൈസ്തവ സഭകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ദീപിക ദിനപത്രത്തില്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖപ്രസംഗവും വന്നിരുന്നു.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പതിവായി ലീഗിനാണെന്നും അതുവഴി ന്യൂനപക്ഷ ആനൂകൂല്യങ്ങള്‍ അടക്കമുളളവ ഒരു പ്രത്യേക മതവിഭാഗം മാത്രം കൈവശപ്പെടുത്തുന്നു എന്നുമായിരുന്നു ചങ്ങനാശ്ശേരി അതിരൂപതയടക്കം പലപ്പോഴായി ഉന്നയിച്ചത്. ഇതിന്റെ പേരിലാണ് സഭ യു.ഡി.എഫിനോട് അകന്നതും.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കെ.ടി ജലീലിന് നല്‍കിയതിലും സിറോ മലബാര്‍ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഏതു സര്‍ക്കാര്‍ വന്നാലും ന്യൂനപക്ഷ ക്ഷേമം ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി തീറെഴുതി കൊടുക്കുന്നു എന്നായിരുന്നു ആക്ഷേപം.

ഈ തെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്ന് വിജയിച്ച സി.പി.ഐ.എം സ്വതന്ത്രന്‍ വി. അബ്ദുറഹ്മാന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. മേയ് 20 ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമിറങ്ങിയ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയിലും വി. അബ്ദുറഹ്മാന് ന്യൂനപക്ഷ-പ്രവാസിക്ഷേമ വകുപ്പുകള്‍ നല്‍കാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ.സി.ബി.സിയുടെ പ്രതികരണം. മറ്റ് സഭകളും പരോക്ഷമായി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

അതേസമയം ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ മുസ്‌ലീം സമുദായ സംഘടനകളും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വകുപ്പ് ക്രൈസ്തവ വിഭാഗക്കാരായ ഏതെങ്കിലും മന്ത്രിയ്ക്ക് നല്‍കിയാലും തങ്ങള്‍ക്ക് പരാതിയില്ലെന്നാണ് എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി അല്‍ ബുഖാരി പ്രതികരിച്ചത്.


‘മുഖ്യമന്ത്രി കൈകാര്യം ചെയ്താലും ക്രിസ്തീയനായ മന്ത്രി കൈകാര്യം ചെയ്താലും ഈ വകുപ്പിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കൃത്യമായി പരിശോധിച്ച് അനീതി ഉണ്ടായിട്ടുണ്ടോ ഇല്ലേ എന്ന് വസ്തുനിഷ്ഠമായി പൊതുജന സമക്ഷം അവതരിപ്പിക്കണം’ എന്നും ഷൗക്കത്ത് നഈമി അല്‍ ബുഖാരി ആവശ്യപ്പെട്ടു.

എന്നാല്‍ ഏതെങ്കിലും വിഭാഗത്തിന്റെ സമ്മര്‍ദ്ദം കൊണ്ടല്ല വകുപ്പ് താന്‍ ഏറ്റെടുത്തതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്നും സഭാ നേതൃത്വം പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുവില്‍ ഉള്ള ആലോചനയുടെ ഭാഗമായാണ് ന്യൂനപക്ഷം മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തത് മുസ്ലിം ലീഗ് എതിര്‍ത്തിരുന്നല്ലോ എന്ന ചോദ്യത്തിന് മുസ്ലിം ലീഗല്ലല്ലോ വകുപ്പ് നിശ്ചയിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

കഴിഞ്ഞ കാലങ്ങളില്‍ കെ.ടി ജലീല്‍ നല്ല രീതിയിലാണ് വകുപ്പ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ന്യൂനപക്ഷ വകുപ്പ് സമുദായക്കാരില്‍ നിന്ന് മാറ്റിയത് ഇന്‍സള്‍ട്ടാണെന്നാണ് മുസ്‌ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

‘ഒരു മന്ത്രിക്ക് എന്ത് വകുപ്പ് കൊടുത്തു കൊടുത്തില്ല എന്നതല്ല, കൊടുത്തിട്ട് തിരിച്ചെടുത്തു എന്നതാണ്. തിരിച്ചെടുക്കാനുള്ള കാരണം ബന്ധപ്പെട്ട ഒരു സമുദായം കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്നതുകൊണ്ടാണെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാല്‍ ന്യൂനപക്ഷ വകുപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നുള്ള കണക്കുകളും പുറത്തുവന്നിരുന്നു. കേന്ദ്രത്തിന്റെ പതിനഞ്ചിന പരിപാടിയിലെ നിര്‍ദേശങ്ങള്‍ മുഖ്യമായും പിന്നോക്ക ന്യൂനപക്ഷ മുസ്‌ലീങ്ങള്‍ക്ക് മാത്രമായുള്ളതാണ്. കേരളത്തില്‍ മുഴുവന്‍ മുസ്‌ലീങ്ങളേയും പിന്നോക്ക വിഭാഗമായിട്ടാണ് പരിഗണിച്ചുവരുന്നത്.

ക്രിസ്ത്യന്‍ സമുദായത്തിലെ ലാറ്റിന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ആംഗ്ലോ ഇന്ത്യന്‍സ് മുതലായവരാണ് പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ക്രിസ്ത്യന്‍ സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ക്ക് മുന്നോക്ക കോര്‍പറേഷനില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനൊപ്പം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്നോക്ക സംവരണവ്യവസ്ഥ പ്രകാരം 10 ശതമാനം സംവരണവും നല്‍കിവരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Welfare of Minority Department Pinaray Vijayan V Abdurahman CPIM Muslim League KT Jaleel K Surendran Syro Malabar Sabha BJP

We use cookies to give you the best possible experience. Learn more