| Wednesday, 21st April 2021, 3:25 pm

സി.പി.ഐ.എം കാട്ടിയത് ക്രൂരത ; ചെറിയാന്‍ ഫിലിപ്പിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചെറിയാന്‍ ഫിലിപ്പിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി.മുരളീധരന്‍. ചെറിയാന്‍ ഫിലിപ്പിനോട് സി.പി.ഐ.എം കാട്ടിയത് ക്രൂരതയാണെന്നും അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും വി.മുരളീധരന്‍ പറഞ്ഞു.

നേരത്തെ ചെറിയാന്‍ ഫിലിപ്പിന് സി.പി.ഐ.എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റോറിയല്‍ എഴുതിയിരുന്നു. തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും മുഖപത്രം പറഞ്ഞുവെച്ചിരുന്നു.

കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ചെറിയാന്‍ ഫിലിപ്പ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

അതേസമയം രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ നേരത്തെ പങ്കുവെച്ച ഒരു കുറിപ്പില്‍ പറഞ്ഞിരുന്നു.

ഇതിനിടെ ചെറിയാന്‍ ഫിലിപ്പ് സി.പി.ഐ.എം പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് തന്നെ തിരികെ പോയെക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ ഫേസ്ബുക്ക് കുറിപ്പും പുറത്തുവന്നിരുന്നു.

‘കൊവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല’, എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്.

രാജ്യസഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും സീറ്റ് നല്‍കാത്തത് ചെറിയാന്‍ ഫിലിപ്പിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ പോസ്റ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Welcoming Cherian Philip to the BJP, V. Muraleedharan

We use cookies to give you the best possible experience. Learn more