| Monday, 20th May 2019, 1:50 pm

ബി.ജെ.പിയില്‍ നിന്ന് പുറത്തുവന്നതില്‍ സന്തോഷം;രാജിക്കത്ത് നേരത്തെ നല്‍കിയിരുന്നു; യോഗിക്കെതിരെ ഓം പ്രകാശ് രാജ്ഭര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ രാജിക്കത്ത് പാര്‍ട്ടിക്ക് നേരത്തെ തന്നെ നല്‍കിയിരിക്കുന്നതെന്നും തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ കാണിക്കേണ്ടതായിരുന്നെന്ന് വിമത മന്ത്രിയായിരുന്ന ഓം പ്രകാശ് രാജ്ഭര്‍.

മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്നും ഓം പ്രകാശ് പറഞ്ഞു.

എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തോടൊപ്പം ചേരുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ഓം പ്രകാശ് രാജ്ഭറിന്റെ പ്രതികരണം.

” ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഇത് 20 ദിവസം മുന്‍പേ എടുക്കേണ്ട തീരുമാനമായിരുന്നു. അങ്ങനെയെങ്കില്‍ കുറിച്ചുകൂടി നന്നായേനെ. എന്നെ പുറത്താക്കിയതിലൂടെ ഒരു യുദ്ധത്തിനില്ലെന്ന് തെളിയിച്ചിരിക്കുകയാണ് യോഗി.

” ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ചോദിച്ചത്. ഞങ്ങള്‍ ഒരു പാര്‍ട്ടിയായിരിക്കെ ഞങ്ങള്‍ മത്സരരംഗത്ത് പോലുമില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും എന്താണ് മറുപടി പറയുക? അദ്ദേഹം ചോദിച്ചു.

സമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശങ്ങളൊന്നും യോഗി ആദിത്യനാഥ് ചെവിക്കൊണ്ടില്ലെന്നും കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ച് താന്‍ സംസാരിച്ചാല്‍ അത് തെറ്റാണെന്ന സമീപനമായിരുന്നു യോഗിയുടേതെന്നും ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു. അത്തരത്തില്‍ ഒരു നിര്‍ദേശങ്ങളും മുഖവിലയ്‌ക്കെടുക്കാത്ത മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും രാജ്ഭര്‍ പറഞ്ഞു

ഓം പ്രകാശ് രാജ്ബറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് ഓം പ്രകാശ് രാജ്ഭര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

നേരത്തെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമായിരുന്നു രാജ്ഭറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. എന്നാല്‍ ഇവര്‍ ബി.ജെ.പിയുമായി ഇടഞ്ഞ് സഖ്യം ഉപേക്ഷിക്കുകയായിരുന്നു.

കിഴക്കന്‍ യുപിയില്‍ 39 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട് സുഹല്‍ദേവ് പാര്‍ട്ടി. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. സഖ്യം തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ഉപേക്ഷിച്ചതെന്ന് രാജ്ഭര്‍ പറഞ്ഞു.

ഏപ്രില്‍ 13ന് രാജ്ബര്‍ മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു. രാജി സ്വീകരിക്കണോ വേണ്ടയോ എന്നത് ബി.ജെ.പിയാണ് തീരുമാനിക്കേണ്ടതെന്നും, സര്‍ക്കാരുമായി ഇനി ബന്ധമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

യു.പിയില്‍ തന്റെ പാര്‍ട്ടിയെ ബി.ജെ.പി അവഗണിച്ചെന്ന് രാജ്ഭര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more