ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം.
സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം അറിയിച്ചു.
പുതിയ റിപ്പോര്‍ട്ട് പ്രകാരം 62.5 ശതമാനമാണ് ഇന്ത്യയിലെ ജെന്‍ഡര്‍ ഗ്യാപ്. രാഷ്ട്രീയരംഗത്തെ ശാക്തീകരണത്തിലാണ് ഇന്ത്യ വീണ്ടും പുറകോട്ടു പോയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 13.5 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
‘മന്ത്രിമാരുടെ എണ്ണം പരിശോധിക്കമ്പോള്‍ സ്ത്രീകളുടെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2019ല്‍ ഈ വിഭാഗത്തില്‍ 23.1 ശതമാനം സ്ത്രീകളുണ്ടായിരുന്നെങ്കില്‍ 2021 ആകുമ്പോഴേക്കും അത് 9.1 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. പാര്‍ലമെന്റ് അംഗങ്ങളായ സ്ത്രീകളുടെ ശതമാനം 14.4 ശതമാനമായി തന്നെ തുടരുകയാണ്. കഴിഞ്ഞ 50 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിമാരില്‍ 15.5 ശതമാനം മാത്രമാണ് സ്ത്രീകളുണ്ടായിട്ടുള്ളത്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴില്‍ മേഖയിലും സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞിരിക്കുകയാണ്. പ്രൊഫഷണല്‍ – സാങ്കേതിക മേഖലകളില്‍ മാത്രം 29.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ഥാപനങ്ങളില്‍ മാനേജര്‍ മുതലുള്ള ഉയര്‍ന്ന തസ്തികകളില്‍ 14.6 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. 8.9 ശതമാനം സ്ഥാപനങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ ടോപ് മാനേജര്‍മാരായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: WEF’s gender gap index: India slips 28 places, ranks 140 among 156 countries