കഴിഞ്ഞ ദിവസമാണ് രണ്‍ദീപ് ഹൂഡ കേന്ദ്രകഥാപാത്രമാവുന്ന ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ സിനിമയുടെ ടീസര്‍ പുറത്ത് വന്നത്. വി.ഡി. സവര്‍ക്കറിന്റെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രണ്‍ദീപ് തന്നെയാണ്.
നിരവധി വാദഗതികളുമായാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്. ബംഗാളിലെ വിപ്ലകാരിയായിരുന്ന ഖുദിറാം ബോസിനെയും സ്വാതന്ത്ര സമര സേനാനികളായ സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ് എന്നിവരെയും സവര്‍ക്കര്‍ സ്വാധീനിച്ചുവെന്നും ബ്രിട്ടീഷ്‌കാര്‍ ഏറ്റവുമധികം തിരഞ്ഞ ഇന്ത്യക്കാരാണ് സവര്‍ക്കറെന്നുമാണ് ടീസറില്‍ പറഞ്ഞത്.
എന്നാല്‍ ഈ ടീസറില്‍ കൊടുത്തിരിക്കുന്ന വാദഗതികള്‍ തെറ്റാണെന്ന് പറയുന്ന ട്വീറ്റ് വൈറലാവുകയാണ്. അദ്വൈദ് എന്ന ഹാന്‍ഡിലില്‍ നിന്നുമുള്ള കുറിപ്പാണ് വൈറവാവുന്നത്.
‘1908ല്‍ 18 വയസുള്ളപ്പോള്‍ ഖുദിറാം ബോസിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. ഈ സമയം സവര്‍ക്കര്‍ ലണ്ടനിലാണ്. സവര്‍ക്കറിനേയും ഹിന്ദു മഹാസഭയേയും ആവര്‍ത്തിച്ച് വിമര്‍ശിച്ചിരുന്നു നേതാജി ബോസ്. നെഹ്‌റുവും ബോസും ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്നത് തടയാനായി കിണഞ്ഞ് പരിശ്രമിച്ചപ്പോള്‍ അതിനെതിരെ സവര്‍ക്കര്‍ ഒരക്ഷരം പറഞ്ഞില്ല,’ എന്നാണ് ടീസര്‍ പങ്കുവെച്ച് അദ്വൈദ് കുറിച്ചത്.
ടീസര്‍ പുറത്ത് വന്നപ്പോള്‍ തന്നെ അതിലെ വസ്തുതാപരമായ കണക്കുകള്‍ തെറ്റാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു. ‘ഗാന്ധിജി തന്റെ അഹിംസ സിദ്ധാന്തത്തില്‍ ഉറച്ചു നിന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യ 35 വര്‍ഷം മുമ്പ് ഒരു സ്വതന്ത്ര രാജ്യമാകുമായിരുന്നു,’ എന്നാണ് ടീസറിനിടക്ക് പറഞ്ഞിരിക്കുന്ന ഒരു വാചകം.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947ലാണ്. ഗാന്ധി സ്വാതന്ത്ര്യ സമരത്തിലേക്ക് സുപ്രധാന ചുവട് വെപ്പ് നടത്തുന്നത് 1918ലെ ചമ്പാരന്‍ പ്രക്ഷോഭത്തിലൂടെയാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിനും 29 വര്‍ഷങ്ങള്‍ക്ക് മുമ്പ്.
ഇന്ത്യയാകെ അദ്ദേഹം ശ്രദ്ധ നേടുന്നതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും 1920ലാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് 35 വര്‍ഷം മുമ്പ് സ്വാതന്ത്ര്യ സമരത്തില്‍ പോലും സജീവമല്ലാതിരുന്ന ഗാന്ധി എങ്ങനെ അദ്ദേഹത്തിന്റെ അഹിംസ സിദ്ധാന്തം നിര്‍ത്തുമെന്നായിരുന്നു സോഷ്യല്‍ മീഡിയ ചോദിച്ചത്.
Content Highlight: tweet became viral that finds the mistakes in swatatra veer savarkar