ന്യൂദല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായി ട്വിറ്ററിലെ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ട്രെന്‍ഡിംഗായി. #WeakestPMModi എന്നാണ് ഹാഷ്ടാഗ്.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. ചൈന ഏകപക്ഷീയമായി അതിര്‍ത്തി കടന്നെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നെന്നാണ് ചൈന ആരോപിക്കുന്നത്.
ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാസലയം സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര ചൈനീസ് സൈനികര്‍ മരിച്ചുവെന്ന് വ്യക്തമായിട്ടില്ല.
വിവാദഭൂമിയായ അക്‌സായി ചിന്‍ പ്രവിശ്യയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഗാല്‍വന്‍ താഴ്വര സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധികാരത്തിലിരിക്കുന്ന അക്‌സായി ചിനിനും ഇടയിലാണ് ഈ താഴ്വര.
വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് അക്‌സായി ചിന്‍.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യ- ചൈന അതിര്‍ത്തി അസ്വസ്ഥമായിരുന്നു. ചൈനയുമായി മാത്രമല്ല കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ അതിര്‍ത്തികളില്‍ ഇന്ത്യ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയും അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളിലും ആക്രമണങ്ങളിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയ ആഴ്ചയാണ് കടന്നുപോയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ മൂന്ന് വ്യത്യസ്ത അതിര്‍ത്തികളിലായി നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
സമീപകാല ചരിത്രത്തില്‍ ഇത്തരമൊരു സാഹചര്യം ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ തന്നെ വിലയിരുത്തുന്നത്.
കൃത്യമായി പറഞ്ഞാല്‍, പാക്കിസ്ഥാന്‍, ചൈന, നേപ്പാള്‍ എന്നിവയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തികളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വലിയ രീതിയിലുള്ള പ്രകോപനങ്ങള്‍ നടക്കുന്നുണ്ട്.
ജൂണ്‍ 12 നാണ് ബീഹാറിലെ സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള കര്‍ഷകനെ നേപ്പാള്‍ സായുധ സേന അതിര്‍ത്തി കടന്നതിന്റെ പേരില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. സാധാരണയായി തുറന്ന് കിടക്കുന്ന അതിര്‍ത്തി ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലായിരുന്നു അടച്ചത്. ബന്ധുവിനെ കാണാനായി അതിര്‍ത്തി കടന്ന കര്‍ഷകനെയായിരുന്നു നേപ്പാള്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയത്.
അതിര്‍ത്തിയില്‍ ആളുകള്‍ കൂട്ടംകൂടിയതോടെ അവരെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നേപ്പാളിന്റെ വാദം. ഇതിനിടെ സൈനികരില്‍ നിന്നും ആയുധം തട്ടിയെടുക്കാന്‍ ശ്രമിച്ചവരെയാണ് വെടിവെച്ചതെന്നും നേപ്പാള്‍ പറഞ്ഞിരുന്നു.
ഇതിനിടെ തന്നെ ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് നിരവധി ആക്രമണങ്ങള്‍ നടക്കുകയും നിരവധി സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മെയ് മാസത്തിന്റെ തുടക്കത്തില്‍ കശ്മീരിലെ ഹന്ദ്വാരയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണം ഉള്‍പ്പെടെ നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ, പൂഞ്ചിലെ കിര്‍നി സെക്ടറില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ