ചെന്നൈ: മകന് ജോലി ലഭിക്കാനായി സര്‍വീസില്‍ ഇരിക്കെ ആത്മഹത്യ ചെയ്ത് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ്. തമിഴ്‌നാട്ടിലാണ് സംഭവം. റിട്ടര്‍യമെന്റിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ ജീവനക്കാരനും 58 കാരനുമായ മഹാലിംഗം സ്വന്തം ഓഫീസില്‍ തൂങ്ങിമരിച്ചത്. വെല്ലൂര്‍ ജില്ലയിലെ കാട്പാടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായിരുന്നു ഇദ്ദേഹം.
മൂന്ന് പേജ് ഉള്ള ആത്മഹത്യാക്കുറിപ്പും ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓഫീസിലെ സഹപ്രവര്‍ത്തകനില്‍ നിന്നും ദുരനുഭവം ഉണ്ടായെന്നും അയാള്‍ തന്നെ അപമാനിച്ചെന്നും കത്തില്‍ ഇദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. താന്‍ കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കയാണന്നും 30 ലക്ഷത്തോളം രൂപ ലോണ്‍ വകയില്‍ അടച്ചുതീര്‍ക്കാനുണ്ടെന്നും ഇദ്ദേഹം പറയുന്നു.
ഇദ്ദേഹത്തിന്റെ മകന് ജോലിയില്ല. അതുകൊണ്ട് തന്നെ കടംവീട്ടാന്‍ മകന് സാധിച്ചില്ലെന്നും തന്റെ മരണത്തോടെ പെന്‍ഷനും തന്റെ ജോലിയും ഒരുപക്ഷേ മകന് ലഭിച്ചേക്കാമെന്ന ചിന്തയിലാവാം ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവദിവസം 9 മണിക്ക് ഓഫീസിലെത്തിയ മഹാലിംഗം അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പുവെച്ചിരുന്നു. അതിന് ശേഷം പ്രഭാതഭക്ഷണം വാങ്ങിവരാനായി സ്റ്റാഫിനെ അയച്ചു. ഇദ്ദേഹം തിരിച്ചുവരുമ്പോഴേക്കും മഹാലിംഗത്തെ തൂങ്ങിയ നിലയില്‍കണ്ടെത്തുകയായിരുന്നു. മാര്‍ച്ച് 31 നായിരുന്നു മഹാലിംഗം സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.