” ഫോട്ടോഗ്രാഫ് മാത്രം കണ്ട് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുനല്‍കാന്‍ ഉത്തരവിടുന്നതും അവകാശവാദം സത്യസന്ധമാണോയെന്നു പരിശോധിക്കാതെ തൂക്കം അനുമാനിക്കുന്നതും തെറ്റായ തെളിവ് പ്രയോഗമാണ്.” ജസ്റ്റിസ് സി.ടി രവികുമാര്‍ നിരീക്ഷിച്ചു.
മുന്‍ ഭാര്യ റെയ്ഹാനത്തിനു വിവാഹസമയത്തു ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുനല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ കോഴിക്കോട് ഫറൂഖ് കോളജിലെ മുഹമ്മദലി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
വിവാഹസമയത്ത് വധു 80 പവന്റെ ആഭരണങ്ങള്‍ ധരിച്ചിരുന്നു എന്നു അനുമാനിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കുടുംബക്കോടതിയുടെ നിലപാട്. എന്നാല്‍ ഹൈക്കോടതി ഇതു തിരുത്തി രംഗത്തുവരികയായിരുന്നു.
ഇന്നത്തെ കാലത്ത് സ്വര്‍ണം പൂശിയ ആഭരണങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം ഇത്തരം ആഭരണങ്ങളും ധരിച്ചാല്‍ ഫോട്ടോഗ്രാഫുകളില്‍ നിന്നും രണ്ടും വേര്‍തിരിച്ചറിയുകയെന്നത് ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
“ഇത്തരം സാഹചര്യങ്ങളില്‍ ഫോട്ടോഗ്രാഫുകളില്‍ കാണുന്ന ആഭരണങ്ങളെല്ലാം സ്വര്‍ണമാണെന്ന് അനുമാനിക്കുന്നതും തക്കതായ തെളിവുകളൊന്നും ഇല്ലാതെ അതിന്റെ തൂക്കം അനുമാനിക്കുന്നതും ശരിയായ രീതിയല്ല.” കോടതി വ്യക്തമാക്കി.
ഫോട്ടോഗ്രാഫില്‍ കാണുന്ന ആഭരണം സ്വര്‍ണമാണെന്ന് ഉറപ്പിക്കാന്‍ ഇതുവരെ യാതൊരു സാങ്കേതിക വിദ്യയും ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.