ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കളിലൊരാളായ വെബ്ലി & സ്‌കോട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയില്‍ ലോകോത്തര നിലവാരമുള്ള തോക്കുകള്‍ നിര്‍മ്മിക്കുന്നതിനായി ഒരു നിര്‍മാണ യൂണിറ്റ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രണ്ടാം ലോകമഹായുദ്ധസമയത്ത് നിരവധി രാജ്യങ്ങള്‍ക്ക് തോക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന നിലയില്‍ പ്രശസ്തമായ കമ്പനിയാണ് വെബ്ലി ആന്റ് സ്‌കോട്ട്.
അതേസമയം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ ആഗോള ആയുധനിര്‍മ്മാണ കമ്പനി കൂടിയാണിത്. കമ്പനി സ്ഥാപിക്കാന്‍ ലഖ്‌നൗ ആസ്ഥാനമായുള്ള സിയാല്‍ മാനുഫാക്ചറേഴ്‌സുമായി വെബ്ലി സ്‌കോട്ട് കരാറിലേര്‍പ്പെട്ടതായാണ് സൂചന.
നവംബറോടെ ആയുധ നിര്‍മ്മാണം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഹാര്‍ഡോയി യൂണിറ്റില്‍ ആദ്യം 0.32 റിവോള്‍വറിന്റെ ഉത്പ്പാദനമാണ് ആരംഭിക്കുക. പിന്നീട് റൈഫിളുകളുടെയും ഷോട്ട്ഗണുകളുടെയും വെവ്വേറേ യൂണിറ്റുകള്‍ സ്ഥാപിക്കും.
ഇന്ത്യയില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ ഉല്‍പാദന യൂണിറ്റുകള്‍ ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പറ്റിയ വിശാലമായ മാര്‍ക്കറ്റാണ് കമ്പനിയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന ഘടകമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മാനുഫാക്ടചറിംഗ് യൂണിറ്റായ സിയാലുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ട ശേഷം 2019ല്‍ തന്നെ തോക്കുകള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് വെബ്ലി സ്‌കോട്ട് നേടിയിരുന്നു.
കമ്പനി സ്ഥാപിക്കുന്ന പ്രദേശത്തെ സൗകര്യങ്ങളെ പറ്റി വിലയിരുത്താന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള വിദഗ്ദ സംഘം ഇന്ത്യയില്‍ നേരത്തേ തന്നെ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക