| Sunday, 22nd October 2023, 5:04 pm

ഇസ്രഈൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് പോസ്റ്റ്‌ ചെയ്ത ടെക് സി.ഇ.ഒക്ക് നേരെ വ്യാപക പ്രതിഷേധം; ഒടുവിൽ രാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഫലസ്തീനിലെ ആക്രമണങ്ങളിൽ ഇസ്രഈലിനെതിരെ രംഗത്ത് വന്നതിന് വ്യാപക പ്രതിഷേധങ്ങൾക്ക് വിധേയനായ വെബ് സമ്മിറ്റ് സി.ഇ.ഒ പാഡി കോസ്ഗ്രേവ് രാജിവെച്ചു.

ലോകത്തെ ആയിരക്കണക്കിന് മുൻനിര ടെക് സ്ഥാപനങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന യൂറോപ്യൻ ടെക് സമ്മേളനമായ വെബ് ഉച്ചകോടിയുടെ സഹ സ്ഥാപകൻ കൂടിയായിരുന്നു കോസ്ഗ്രേവ്.

ഇസ്രഈൽ യുദ്ധകുറ്റം നടത്തുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നുവെന്നും കോസ്ഗ്രേവ് ആരോപിച്ചതിന് പിന്നാലെ ഗൂഗിൾ, മെറ്റ എന്നീ ആഗോള ടെക് ഭീമന്മാർ സമ്മേളനത്തിൽ നിന്ന് പിന്മാറിയിരുന്നു.

തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ സമ്മേളനത്തിൽ നിന്നുള്ള ശ്രദ്ധ അകറ്റുന്നുവെന്നും താൻ കാരണം ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഇസ്രഈൽ ആക്രമണത്തിൽ അയർലൻഡ് സർക്കാർ ഒഴികെയുള്ള പടിഞ്ഞാറൻ സർക്കാരുകളും നേതാക്കളും കൈക്കൊള്ളുന്ന തീരുമാനങ്ങളിലും പ്രസ്താവനകളിലും താൻ നടുങ്ങിപ്പോയെന്ന് നേരത്തെ എക്സിൽ കോസ്ഗ്രേവ് പറഞ്ഞിരുന്നു.

‘അയർലൻഡ് സർക്കാർ ഒഴികെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലെ സർക്കാരുകളും നേതാക്കളും നടത്തുന്ന പ്രസ്താവനകളും നടപടികളും കണ്ട് ഞാൻ നടുങ്ങിപ്പോയി. അയർലൻഡ് സർക്കാർ മികച്ച തീരുമാനമാണ് എടുക്കുന്നത്.

സ്വന്തം കൂട്ടാളികളാണ് യുദ്ധക്കുറ്റം നടത്തുന്നതെങ്കിലും അത് യുദ്ധക്കുറ്റം തന്നെയാണ്. അതിനെ ശക്തമായി അപലപിക്കണം,’ കോസ്ഗ്രേവ് പറഞ്ഞു.

1400 ഇസ്രഈലികളെ കൊലപ്പെടുത്തിയ ഹമാസിന്റെ ആക്രമണത്തെയും കോസ്ഗ്രേവ് അപലപിച്ചിരുന്നു. ഇസ്രഈലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെങ്കിലും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാനുള്ള അധികാരം ഇല്ലെന്നായിരുന്നു കോസ്ഗ്രേവിന്റെ പോസ്റ്റ്‌.

പുതിയ സി.ഇ.ഒയെ നിയമിച്ച് നവംബറിൽ തന്നെ ടെക് സമ്മേളനം നടത്തുമെന്ന് അധികൃതർ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഇസ്രഈൽ – ഹമാസ് യുദ്ധത്തിൽ അഭിപ്രായം പ്രകടിപ്പിക്കുന്ന നിരവധി വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് കോസ്ഗ്രേവിന്റെ രാജി.

അക്രമങ്ങളുടെ പേരിൽ ഇസ്രഈലിനെതിരെയുള്ള കത്തിൽ ഒപ്പ് വെച്ചതിന് ഹാർവേഡ് സർവകലാശാലയിലെ വിദ്യാർത്ഥികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി വിവിധ ബിസിനസ് എക്‌സിക്യൂട്ടീവുകൾ അറിയിച്ചിരുന്നു. ഫലസ്തീൻ അനുകൂല പോസ്റ്റുകളുടെ പേരിൽ നിരവധി മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Web Summit CEO Paddy Cosgrave resigns over Israel ‘war crimes’ post

We use cookies to give you the best possible experience. Learn more