തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ഇന്നെത്തിച്ചേരുമെന്ന് കാലാവസ്ഥ കേന്ദ്രം. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഏഴ് ദിവസം വരെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വ്യാഴാഴ്ച 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ രണ്ട് വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായതിന് പിന്നാലെ സംസ്ഥാനത്താകെ രണ്ട് ദിവസമായി മഴ തുടരുകയാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ എട്ട് ക്യാമ്പുകള്‍ കൂടി തുടങ്ങി. ഇതോടെ ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി വര്‍ധിച്ചു. കണക്കുകള്‍ പ്രകാരം 354 കുടുംബങ്ങളില്‍ നിന്നായി 950 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
നിര്‍ത്താതെ പെയ്ത മഴയില്‍ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിലും മറ്റും ഹൈക്കോടതി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി. അതേസമയം ജില്ലയിലെ മാലിന്യ നിക്ഷേപത്തില്‍ ജനങ്ങളെയും കോടതി വിമര്‍ശിച്ചു. നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാത്തത് മഴക്കാലത്ത് വെല്ലുവിളി ഉയര്‍ത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Weather updates on kerala, Weather Center says Monsoon will arrive in Kerala today