| Monday, 4th December 2023, 10:45 pm

ചുഴലിക്കാറ്റ് 110 കിലോ മീറ്റര്‍ വേഗത്തില്‍ കര തൊടും; കേരളത്തില്‍ മഴക്ക് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായതോ ഇടത്തരമോ ആയ ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിഗ് ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതിനാലാണിത്.

മിഗ്ജൗമ് ചുഴലിക്കാറ്റ് നിലവില്‍ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.

നാളെ രാവിലെ തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണ് പ്രവചനം. 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും മിഗ് ജൗമ് തീവ്ര ചുഴലിക്കാറ്റ് കരതൊടുക.

ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും തിങ്കളാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Content Highlight: Weather Update

We use cookies to give you the best possible experience. Learn more