| Tuesday, 26th March 2019, 7:50 am

നാലുഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ധിക്കുന്നത് 28ാം തിയ്യതി വരെ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്നു കൂടി തീവ്രമായ ചൂട് അനുഭവപ്പെടാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ചൊവ്വാഴ്ച ശരാശരിയില്‍നിന്ന് മൂന്നുമുതല്‍ നാലു ഡിഗ്രിവരെ ചൂടുകൂടാനിടയുണ്ട്. 27-നും 28-നും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 28 വരെ മൂന്നുഡിഗ്രിവരെ ചൂട് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം പാലക്കാടാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 40.2 ഡിഗ്രിസെല്‍ഷ്യസ്.

ചൂട് കൂടുമെന്നതിനാല്‍ സൂര്യാഘാത മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. 11 മണിക്കും 3 മണിക്കും ഇടയ്ക്ക് സൂര്യനുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.

നിലവില്‍ സൂര്യാതാപം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സൂര്യാഘാതം/താപശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസ്സിനു താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉളളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

We use cookies to give you the best possible experience. Learn more