| Monday, 15th July 2019, 4:37 pm

'മഴ പെയ്യുന്നേ ഇല്ല, ജാതിക്കേടെ പൂവ് മുഴുവന്‍ കൊഴിയുകയാണ്, നെല്‍കൃഷിയും നടക്കുന്നില്ല'; കാലാവസ്ഥാ വ്യതിയാനത്തില്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

അനുശ്രീ

കോഴിക്കോട്: ‘മഴ പെയ്യുന്നേ ഇല്ല. നെല്‍ കര്‍ഷകരാണ് ഏറെ പ്രയാസത്തില്‍. ആവശ്യത്തിന് വെള്ളമില്ല എന്നത് വല്ലാത്ത പ്രതിസന്ധിയാണ്. വലിയ കുളങ്ങളിലൊന്നും വെള്ളമില്ല. കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥ. കുരുമുളക് കൃഷിചെയ്യുന്നത് തന്നെ ഇപ്പോള്‍ വളരെ കുറവാണ്. എന്നാല്‍ ഇപ്പോള്‍ അത്രപോലും ചെയ്യാന്‍ കഴിയുന്നില്ല. കഠിനമായ ചൂട് കാരണം കുരുമുളകിന്റെ തിരി കൊഴിഞ്ഞു പോവുന്നു. നാണ്യവിളകളെയും നെല്‍കൃഷിയെയുമാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. വല്ലാത്തൊരു പ്രതിസന്ധിയിലാണ് കാര്‍ഷിക മേഖല.’ വയനാട്ടിലെ കര്‍ഷകനായ ശശീന്ദ്രന്റെ വാക്കുകളാണിത്.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മണ്ണിന്റെ ഘടനയെതന്നെ വ്യത്യാസപ്പെടുത്തുമ്പോള്‍ അത് ഉത്പാദനത്തേയും പ്രതികൂലമായി ബാധിക്കുന്നു. നെല്‍കൃഷി ഇറക്കുന്നവരും നാണ്യവിള ഉല്‍പ്പാദകരെയുമാണ് ഇത് ബാധിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി വന്ന പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും കര്‍ഷകര്‍ കരകയറി വരുന്നതിനിടെയാണ് ഈ കാലാവസ്ഥ വ്യതിയാനമെന്ന് കര്‍ഷകര്‍ പറയുന്നു.

കാര്‍ഷിക മന്ത്രാലയത്തിന്റെ 2012-2013 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ 14 ശതമാനത്തോളം കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. കൂടാതെ, കയറ്റുമതി ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ 11 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നുള്ളതാണ്. രാജ്യത്ത് പൂര്‍ണ്ണമായും കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവര്‍ 61 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 27 ശതമാനമാണ്. എന്നാല്‍ പ്രളയവും കാലാവസ്ഥമാറ്റവും കേരളത്തിലെ കര്‍ഷകരുടെ ജീവിതം ദുസ്സഹമാക്കുന്നു.

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കാന്‍ കര്‍ഷകര്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ആവശ്യമായ മഴ ലഭിക്കാത്തതാണ് ഇതിന് കാരണം.

സുലഭമായി മഴ ലഭിക്കുന്ന സമയത്ത് ഒന്നാം വിള ഇറക്കാറാണ് കര്‍ഷകരുടെ പതിവ്. എന്നാല്‍ പലരും നെല്‍കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ഒന്നാം വിള ഇറക്കാതെ ഇഞ്ചി,മഞ്ഞള്‍ ഉള്‍പ്പടെയുള്ള മറ്റ് കൃഷികളാണ് നെല്‍വയലുകളില്‍ കര്‍ഷകര്‍ ഇറക്കുന്നത്. ചിറ്റൂര്‍,കൊല്ലംകോട് മേഖലകളില്‍ ഇഞ്ചി,മഞ്ഞള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. നെല്‍കൃഷിയെ അപേക്ഷിച്ച് വെള്ളം കുറച്ച് മതി എന്നതാണ് ഇഞ്ചികൃഷിയിലേക്കും മഞ്ഞള്‍ കൃഷിയിലേക്കും വഴിമാറാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്.

‘ഇപ്പോഴത്തെ കാലാവസ്ഥയിലെ മാറ്റം കാരണം കൃഷി നന്നായി ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. പച്ചക്കറി കൃഷി കഴിഞ്ഞ് നെല്‍കൃഷി ചെയ്യുന്ന സമയമാണിത്. എന്നാല്‍ ഇതുവരെയും നെല്‍കൃഷി ഇറക്കാന്‍ സാധിച്ചിട്ടില്ല. നെല്‍കൃഷി ഇറക്കേണ്ട സമയം കഴിഞ്ഞു. ഏറ്റവും വലിയ മഴ ലഭിക്കേണ്ട സമയമാണ് ഇടവമാസം. എന്നാല്‍ കുംഭമാസത്തിലെ കാലാവസ്ഥ പോലെയാണിപ്പോള്‍. ഒന്നോ രണ്ടോ ദിവസം ചെറുതായി മഴ ലഭിച്ചാലായി. നെല്‍ കൃഷിയുടെ അതേ അവസ്ഥയാണ് ജാതിക്ക കൃഷി ചെയ്യുന്നവരും കുരുമുളക് കര്‍ഷകരും നേരിടുന്നത്. പ്രളയത്തില്‍ എല്ലാം നശിച്ചു പോയിരുന്നു. എന്നാല്‍ അതിനെയൊക്കെ പ്രതിരോധിച്ച് ഈ തവണ വീണ്ടും ജാതിക്ക കൃഷിയിറക്കി. പക്ഷെ കടുത്തചൂട് കാരണം അതിന്റെ പൂവ് മുഴുവന്‍ കൊഴിഞ്ഞുപോയി. കുരുമുളകിന്റെ കാര്യം അതിലും കഷ്ടമാണ്. മഴ കിട്ടാത്തതിനാന്‍ അതിന്റെ തിരി കരിഞ്ഞു പോകുകയാണ്’ തൃശൂരിലെ കര്‍ഷകന്‍ ജോര്‍ജ് പറയുന്നു.

കാലാവസ്ഥാ വ്യതിയാനം പലതരത്തിലാണ് കര്‍ഷകരെ ബാധിക്കുന്നതെന്നും ഇത് മണ്ണിന്റെ ഘടനയില്‍ വരുത്തുന്ന വ്യത്യാസവും ജലലഭ്യതക്കുറവും മഴപെയ്യുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങളും ഉല്‍പ്പാദനത്തില്‍ കുറവുണ്ടാക്കാമെന്നും കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ:ഇന്ദിരാ ദേവി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘കാലാവസ്ഥാ വ്യതിയാനം പല രീതിയിലാണ് ബാധിക്കുന്നത്. മണ്ണിന്റെ ഘടനയില്‍ വരുന്ന വ്യത്യാസവും ജലലഭ്യതക്കുറവും മഴപെയ്യുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങളും ഉല്‍പ്പാദനത്തില്‍ കുറവുണ്ടാക്കാം. സമയത്ത് മഴ ലഭിക്കാത്തതും അസമയത്ത് മഴ ലഭിക്കുന്നതുമൊക്കെയാണ് പ്രശ്‌നം. തിരുവാതിര ഞാറ്റുവേല എന്ന് പറയുന്നത് കേരളത്തെ സംബന്ധിച്ച് കാര്‍ഷിക പ്രവര്‍ത്തികള്‍ക്ക് ഏറെ അനുകൂലമായിട്ടുള്ള സമയമാണ്. തിരുവാതിര ഞാറ്റുവേലയില്‍ തിരി മുറിയാതെ മഴപെയ്യും എന്നൊക്കെയാണ് പറയാറ്. എന്നാല്‍ ഇത്തവണ മഴ വളരെയധികം കുറവാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ചൂട് കൂടുമ്പോള്‍ കാര്‍ഷിക ഉല്‍പാദനം വര്‍ധിക്കുമെന്നാണ് പറയുന്നത്. പക്ഷെ തികച്ചു വ്യത്യസ്തമാണ് ഇവിടെ.’ ഇന്ദിരാദേവി പറഞ്ഞു.

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more