ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മയുടെ ലക്ഷണമാണ്, ഇപ്പോള്‍ എവിടെ നിന്നാണ് ഇവര്‍ക്ക് ഈ ബോധമുദിച്ചത്; വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനെതിരെ ബി.ജെ.പി മന്ത്രി
ഉഡുപ്പി: കോളേജില്‍ ഹിജാബ് ധരിക്കുന്നതിനെ നിരോധിച്ച നടപടിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥിനികളെ വിമര്‍ശിച്ച് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി.സി. നാഗേഷ്. കോളേജിലേക്ക് ഹിജാബ് ധരിച്ചെത്തുന്നത് അച്ചടക്കമില്ലായ്മയുടെ ഭാഗമാണെന്നാണ് മന്ത്രി പറയുന്നത്.
‘ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മയുടെ ഭാഗമാണ്, സ്‌കൂളുകളോ കോളേജുകളോ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള ഇടമല്ല,’ മന്ത്രി പറയുന്നു.
ചില വിദ്യാര്‍ത്ഥിനികള്‍ മാത്രമാണ് ഹിജാബ് ധരിക്കണമെന്ന് വാശിപിടിക്കുന്നതെന്നും, അവര്‍ പോപുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും അവര്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പ്രതിഷേധസ്വരം ഉയര്‍ത്തുന്നതെന്നും ഇത്രയും കാലം ഇല്ലാതിരുന്ന വസ്ത്രസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചിന്തകള്‍ ഇവര്‍ക്ക് പെട്ടന്ന് എവിടെ നിന്നുമാണ് ഉണ്ടായത് എന്നും മന്ത്രി ചോദിക്കുന്നു.
എന്നാല്‍ തങ്ങള്‍ക്ക് സി.എഫ്.ഐയുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.
കര്‍ണാടക സര്‍ക്കാര്‍ യൂണിഫോമുകള്‍ക്കായി ഏകീകൃത ഡ്രസ് കോഡ് ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ലെന്നും എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നും കഴിഞ്ഞ ദിവസം മന്ത്രി ബി.സി. നാഗേഷ് പറഞ്ഞിരുന്നു.
നേരത്തെ മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിലക്കിയ കോളേജ് നടപടി ജില്ലാ കളക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നു. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ കയറാന്‍ അനുവദിക്കാതിരുന്ന വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാനും കളക്ടര്‍ ഉത്തരവിട്ടിരുന്നു. വസ്ത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുതെന്ന് കാണിച്ചായിരുന്നു കളക്ടറുടെ നടപടി.
എന്നാല്‍, കോളേജ് അധികൃതരും ജില്ലാ ഉദ്യോഗസ്ഥരും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന് പുതിയ നിയമം പുറത്തിറക്കുകയും കര്‍ശനമായി പാലിക്കാന്‍ വിദ്യാര്‍ത്ഥികളോടാവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും സമരവുമായി രംഗത്തെത്തിയത്.
നേരത്തെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കാവി ഷാളണിഞ്ഞ് പ്രതിഷേധവുമായെത്തിയിരുന്നു.
ക്ലാസ് മുറികളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ജനുവരി 4നാണ് കാവി നിറത്തിലുള്ള ഷാളുകള്‍ ധരിച്ച് 50 ഓളം എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്നാണ് കോളേജിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. ചിക്ക്മംഗളൂരു ജില്ലയിലെ ബലഗാഡി സര്‍ക്കാര്‍ കോളേജിലായിരുന്നു എ.ബി.വി.പിയുടെ പ്രതിഷേധം.
850 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിന്റെ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നായിരുന്നു സംഘം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നത്.
‘ഹിന്ദു വിദ്യാര്‍ഥികള്‍ കാവി സ്‌കാര്‍ഫും മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബും ധരിക്കരുതെന്ന് തീരുമാനിച്ചു. തലമറയ്ക്കാന്‍ അവര്‍ക്ക് ഷാള്‍ ധരിക്കുന്നതിന് വിരോധമില്ല. നിയമം ലംഘിച്ചാല്‍ കോളജില്‍നിന്ന് പിരിച്ചുവിടുന്നതിന് കാരണമാകും,’ ഇങ്ങനെയാണ് ഹിജാബ് നിരോധിച്ച നടപടിയെക്കുറിച്ച് കോളേജ് അതികൃധര്‍ പറഞ്ഞത്.