| Thursday, 3rd January 2019, 1:49 pm

മിഠായിത്തെരുവിലെ ക്ഷേത്രത്തിനകത്തെ വി.എച്ച്.പി കാര്യാലയത്തില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമണം അഴിച്ചുവിട്ട മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.

ക്ഷേത്രത്തിനകത്ത് വി.എച്ച്.പിയുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്റെ വളപ്പില്‍ നിന്നും പിടിച്ചെടുത്തത്.

ക്ഷേത്രവളപ്പില്‍ ഒളിച്ചിരുന്ന അക്രമകാരികളെ പിടികൂടാനെത്തിയപ്പോഴാണ് പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇവിടെ നിന്നും നാലുപേരെ പൊലീസ് പിടികൂടി.


അതേസമയം, ഇരുപത്തഞ്ചോളം പേര്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ളവര്‍ കെട്ടിടത്തിനകത്ത് ഉണ്ടോ എന്ന് വ്യക്തമല്ല. പ്രദേശത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കം തമ്പടിച്ചിരുന്നു. പൊലീസിന് നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ ഇടപെടുമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ ഈ കെട്ടിടത്തിനകത്തേക്ക് കയറാന്‍ ശ്രമിച്ചെന്നും ഇതോടെയാണ് നടപടിയുണ്ടായതെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കെട്ടിടത്തിനകത്ത് കൂടുതല്‍ അക്രമികളുണ്ടോയെന്ന് പൊലീസ് അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തുമെന്നാണ് സൂചനയെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊലീസിന്റെ ഭാഗത്ത് ചെറിയ വീഴ്ചയുണ്ടാതായും ഇടപെട്ട് തിരത്തുമെന്നും പൊലീസ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മിഠായിത്തെരുവിലേക്ക് കയറിയത് സംബന്ധിച്ച് പൊലീസിന് വീഴ്ചയുണ്ടായതായി വ്യാപാരികള്‍ പറഞ്ഞിരുന്നു.


കനത്ത സുരക്ഷയൊരുക്കിയിട്ടും മിഠായിത്തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികള്‍ക്ക് നേരെ വ്യാപകമായ അക്രമമാണ് ബി.ജെ.പി- ആര്‍.എസ്.എസ്-ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. കടകള്‍ അടിച്ചു തകര്‍ക്കുകയും ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ മിഠായിത്തെരുവില്‍ അഴിഞ്ഞാടുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നു.

We use cookies to give you the best possible experience. Learn more