കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ പുതിയ വഴിത്തിരിവ്. ശുഹൈബിനെ വെട്ടിക്കൊല്ലാനുപയോഗിച്ചെന്ന് കരുതുന്ന വാളുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മട്ടന്നൂരിനടുത്തുള്ള വെള്ളപ്പറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. ഇവിടെ നിന്നുതന്നെയാണ് മുമ്പ് ആക്രമണത്തിനുപയോഗിച്ച ഒരായുധം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാത്തതിനെതിരെ പൊലീസിനു നേരേ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതേസമയം കണ്ടെത്തിയ ആയുധങ്ങള്‍ കനത്ത പൊലീസ് കാവലില്‍ ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. യഥാര്‍ഥപ്രതികളെയല്ല പിടിച്ചതെന്ന് ആക്ഷേപമുണ്ടെങ്കില്‍ എത് അന്വേഷണവുമാകാം. പിടിയിലായത് യഥാര്‍ഥപ്രതികളല്ലെന്ന് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നില്ല. കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും. ശേഷിച്ച പ്രതികളെ ഒരാഴ്ചയ്ക്കകം പിടിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിക്കുകയുണ്ടായി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് താത്കാലികമായി നിര്‍ത്തിയ യു.ഡി.എഫും ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.