പാദപൂജ മാത്രമല്ല, ആയുധ പരിശീലനവും രാമായണ പാരായണവും; ചേര്‍പ്പ് സ്‌കൂള്‍ ആര്‍.എസ്.എസിന്റെ വിഹാര കേന്ദ്രം
Focus on Politics
പാദപൂജ മാത്രമല്ല, ആയുധ പരിശീലനവും രാമായണ പാരായണവും; ചേര്‍പ്പ് സ്‌കൂള്‍ ആര്‍.എസ്.എസിന്റെ വിഹാര കേന്ദ്രം
അലി ഹൈദര്‍
Saturday, 28th July 2018, 5:41 pm

“ജനാധിപത്യവും യുക്തി ചിന്തയും ശാസ്ത്രബോധവും കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള പൊതുവിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്”. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തെ കുറിച്ചുള്ള ചോദ്യത്തിന് 08-05-2017 പതിനാലാം കേരള നിയമസഭയിലെ അഞ്ചാം സമ്മേളനത്തില്‍ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് കൊടുത്ത മറുപടിയാണിത്.

എന്നാല്‍ ഇതിന് കടകവിരുദ്ധമായ രീതിയില്‍ മുന്നോട്ട് പോകുന്നവയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളും ഉണ്ടെന്നാണ് തൃശൂരിലെ ചേര്‍പ്പ് സ്‌കൂളില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖല മുഴുവനും കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ് ചേര്‍പ്പ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പാദപൂജ ചെയ്യിപ്പിക്കുന്ന നടപടിയെന്ന വിമര്‍ശനം ശക്തമാണ്.

എന്നാല്‍ പാദപൂജ മാത്രമല്ല ആര്‍.എസ്.എസിന്റെ ആയുധപരിശീലനം വരെ ചേര്‍പ്പ് സ്‌കൂളില്‍ സ്ഥിരമായി നടത്തുന്നുണ്ടെന്നാണ് 2013 മുതല്‍ 2015 വരെ ഈ സ്‌കൂളില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

“”ആര്‍.എസ്.എസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ അവര്‍ക്ക് ഇഷ്ടമുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതൊരു പൊതു വിദ്യാലയമാണ്. എല്ലാമതക്കാരുമുണ്ട് അവിടെ. കുട്ടികള്‍ അധ്യാപകര്‍ പറയുമ്പോള്‍ എതിര്‍ക്കില്ല. കുട്ടികള്‍ അധ്യാപകരുടെ അപ്രീതി ക്ഷണിച്ചു വരുത്തണ്ട എന്ന് വിചാരിച്ചും പേടിച്ചും അധ്യാപകരെ അനുസരിക്കുന്നതാണ്.

Image result for rss

അത് മാത്രമല്ല വിഷയം, ഈ സ്‌കൂളില്‍ ഏപ്രില്‍ മെയ് മാസത്തിലുള്ള വെക്കേഷന്‍ സമയമുണ്ടല്ലോ, ആ സമയത്ത് 60 ദിവസവും ആര്‍.എസ്.എസിന്റെ വിഹാര കേന്ദ്രമാണത്. ആയുധ പരിശീലനമടക്കം അവിടെ അവര്‍ ചെയ്യുന്നു. രാത്രിയിലൊക്കെ അവിടെ എന്ത് ചെയ്യുന്നു എന്നൊക്കെ ആരറിയാനാണ്. തൊട്ടിപ്പുറത്ത് പൊലീസ് സ്റ്റേഷന്‍ ഉണ്ടായിട്ടും അവര്‍ക്കൊന്നും ഒരു വിഷയമേ അല്ല. രാത്രി പന്ത്രണ്ട് മണിക്കൊക്കെ അതിലൂടെ സഞ്ചരിച്ചാല്‍ മനസ്സിലാകും. എന്ത് കൊണ്ടാണ് ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരും പ്രതികരിക്കാത്തത് എന്നാണ് ഞാന്‍ ആലോചിക്കുന്നത്.

ഈ അടുത്തകാലത്തായി പഴയതിലും കൂടുതലായി നിരവധി പരിപാടികള്‍ അവിടെ നടക്കുന്നു. പൂര്‍ണ്ണമായി അവരുടെ കീഴിലായി മാറിയിട്ടുണ്ട് ആ സ്ഥാപനം. ഒരു പൊതുവിദ്യാലയം ഇങ്ങനെ ചിലരുടെ താല്‍പര്യം നടപ്പിലാക്കി നശിച്ചു പോവുകയാണ്. കുട്ടികളുടെ ഭാവിയാണ് നശിച്ചു പോകുന്നത്. ഇതില്‍ നല്ല വിഷമമുണ്ട്.

പി.ടി.എയിലും അധ്യാപകരിലും മുഴുവനും ബി.ജെ.പിക്കാരാണ്. അവരെ മാത്രമേ ഈ സ്‌കൂളില്‍ അധ്യാപകരായി നിയമിക്കുകയുള്ളു. 20 ലക്ഷവും 15 ലക്ഷവും രൂപ വാങ്ങിയാണ് സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നത്. എന്നാല്‍ അവര്‍ക്ക് നല്‍കുന്നത് തുഛമായ ശമ്പളമാണ്.


Read Also : എന്തിനായിരുന്നു മോദിയുടെ ആ ഇറങ്ങിപ്പോക്ക്?


 

കഴിഞ്ഞ നാല് വര്‍ഷമായി ഈ സ്‌കൂളിനെ ആര്‍.എസ്.എസിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള വലിയ രീതിയിലുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ചേര്‍പ്പ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ലീഗല്‍ സര്‍വ്വീസ് സഹായ വേദി അംഗവുമായി ശംസീര്‍ ചേര്‍പ്പ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. 2000 കാലഘട്ടത്തില്‍ ഒരു ഗുരു പൂജയും അവിടെ ഉണ്ടായിരുന്നില്ലെന്നും ഇതൊക്കെ ഈ അടുത്ത് തുടങ്ങിയതാണെന്നും ശംസീര്‍ പറഞ്ഞു.

“ഇത് മാത്രമല്ല, അവിടെ എഴുത്തഛന്റെ പ്രതിമ സ്ഥാപിക്കുകയും സ്ഥിരമായി പൂജനടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇത് തുടങ്ങിയത്. ഇതൊക്കെ ഒരു പൊതുവിദ്യാലയത്തില്‍ നടക്കാമോ?, രണ്ട് സ്‌കൂളുകളാണ് അവിടെയുള്ളത് ബോയ്‌സ് സ്‌കൂളും ഗേള്‍സ് സ്‌കൂളും രണ്ടും ഒരേ കോമ്പൗണ്ടിനകത്താണ്. ബോയ്‌സ് സ്‌കൂളില്‍, കര്‍ക്കിട മാസം ആരംഭിച്ചപ്പോള്‍ മൈക്കിലൂടെ രാമയണ പാരായണവും ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ ചെന്ന് പറഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത് വലിയ വാര്‍ത്ത ആയാല്‍ കൂടുതല്‍ ആളുകള്‍ പ്രതിഷേധിക്കാന്‍ തയ്യാറാകും” ശംസീര്‍ പറഞ്ഞു.

Image may contain: one or more people, people sitting, table and indoor

വാര്‍ത്ത പുറത്തുവന്നതോടു കൂടെ നിരവധിയാളുകളാണ് പ്രതിഷേധവുമായി രംഗത്തു വന്നത്. സംഭവം ഗൗരവമായി കാണുന്നെന്നും ശക്തമായ നടപടികളെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ.ഫിറോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വിശ്വാസമുള്ളവര്‍ക്ക് ആചരിക്കാനും ഇല്ലാത്തവര്‍ക്ക് ആചരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് കൊണ്ടു കൂടിയാണ് നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ് എന്ന് നാം അഭിമാനിക്കുന്നത്. എന്നാല്‍ ഒരാളുടെ വിശ്വാസം അതില്ലാത്തവന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലിലുള്ള ഇടപെടലുമാണ്. ഫിറോസ് പറഞ്ഞു.


Read Also : കൊച്ചിയില്‍ പൊലീസ് സുരക്ഷപോലും വേണ്ടെന്നുവെച്ച് കണ്ണന്താനത്തിന്റെ യാത്രയെന്ന് വീഡിയോ : ശ്രദ്ധിച്ചുനോക്കിയാല്‍ പൊലീസിനെ കാണാമെന്നു സോഷ്യല്‍ മീഡിയ


 

ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ പല സ്‌കൂള്‍ മാനേജ്‌മെന്റുകളും യൂണി ഫോമിന്റെ പേര് പറഞ്ഞ് പെണ്‍കുട്ടികള്‍ക്ക് മഫ്ത ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ തീരുമാനം അംഗീകരിക്കാത്തവര്‍ ഇവിടെ പഠിക്കണ്ട എന്ന ധിക്കാരമാണ് അത്തരം മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു പൊതു നിര്‍ദ്ധേശം പുറപ്പെടുവിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്”. ഫിറോസ് പറഞ്ഞു.

ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ചേര്‍പ് സ്‌കൂളിലേതെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഒരു പൊതുവിദ്യാലയത്തില്‍ ഇത്തരം മത ചിട്ടകളെ വിദ്യാര്‍ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും രാജ്യവ്യാപകമായി ആര്‍.എസ്.എസ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കാവിവല്‍ക്കരണത്തിന്റെ ഭാഗമാണിതെന്നും സാനു പറഞ്ഞു.

തെറ്റായ ഒരു കാര്യം കാലങ്ങളായി ചെയ്യുന്നു എന്നത് കൊണ്ട് അതിന് സാധൂകരണമാകുന്നില്ല. അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം സൗഹൃദപരമാകണമെന്ന നയമാണ് ഈ സര്‍ക്കാറിനുള്ളത്. ഈ സമയത്താണ് പഴയകാലത്തിലേക്ക് തിരിച്ചു പോകാനുള്ള ചിലര്‍ ശ്രമിക്കുന്നത്. അത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്. എതിര്‍ക്കപ്പെടും. ഈ സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരായി ഏതെങ്കിലും വിദ്യാഭ്യാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്നാണ് എസ്.എഫ്.ഐക്ക് പറയാനുള്ളത്.

കുട്ടികളെ പാദപൂജ ചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിച്ചാണോ അല്ലയോ എന്നൊന്നുമല്ല. ഇത് വിദ്യാലയത്തില്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്നാണ് എസ്.എഫ്.ഐയുടെ നിലപാട്.

എന്നാല്‍ അത് കഴിഞ്ഞ കുറേകാലമായി അവിടെ നടക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചിട്ടല്ല പാദപൂജ ചെയ്യുന്നതെന്നും ജില്ല വിദ്യാഭ്യാസ ഒഫീസര്‍ ജൗഹര്‍ മനോഹര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. വിഷയത്തെ കുറിച്ച് സ്‌കൂളില്‍ അന്വേഷിച്ചിരുന്നെന്നും മാധ്യമങ്ങള്‍ വെറുതെ അറിയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളിലാണ് കുട്ടികള്‍ക്ക് നിര്‍ബന്ധിത പാദപൂജ ചെയ്യിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് “ഗുരുപൂര്‍ണിമ” എന്ന പേരില്‍ പരിപാടി നടത്തിയത്. അധ്യാപകരുടെ അടുത്ത് വന്ന് കുട്ടികള്‍ പാദങ്ങള്‍ പൂജിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് നിര്‍ബന്ധിത പാദപൂജയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിലാണ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയത്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്.

എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമിരിക്കെയാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍