| Monday, 21st January 2019, 10:35 am

9 അതിസമ്പന്നരുടെ കയ്യിലുളളത് പകുതി ജനസംഖ്യയുടെ സ്വത്ത്; ഒരു വര്‍ഷത്തിനിടെ ധനികരുടെ സ്വത്തില്‍ 36 ശതമാനം വളര്‍ച്ച;ഇന്ത്യയില്‍ സാമ്പത്തിക അസമത്വമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദാവോസ്:ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച അസന്തുലിതമെന്ന് റിപ്പോര്‍ട്ട്. ആകെ സമ്പത്ത് 9 സമ്പന്നരിലാണ് കേന്ദ്രീകരിച്ചിട്ടുളളത്. ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സ്വത്താണ് ഒമ്പത് പേര്‍ കയ്യടക്കിവെച്ചിട്ടുള്ളതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം പറയുന്നു. വാര്‍ഷിക പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ ഒക്‌സ്ഫാം വിലയിരിത്തുന്നത്.

ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് 77.4 ശതമാനം സമ്പത്തുള്ളത്. ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 18 ശതകോടീശ്വരന്‍മാര്‍ ഉണ്ടായതായും പറയുന്നു. ഇതോടെ ഇന്ത്യയിലെ ആകെ ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടി സമ്പത്താണ് ഇവരുടെ പക്കലുള്ളത്.

ALSO READ: കര്‍’നാടകം’ തുടരുന്നു; വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ്

കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനം വളര്‍ച്ചയാണുണ്ടായത്. എന്നാല്‍ ദരിദ്രരുടെ സമ്പത്തിലെ വളര്‍ച്ച 3 ശതമാനം മാത്രമാണ്. സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തെ തന്നെ മറികടക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആരോഗ്യം, വിദ്യാഭ്യാസം, മേഖലകളില്‍ സര്‍ക്കാര്‍ ആവശ്യത്തിന് പണം ചെലവഴിക്കാത്തതും പല വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും സാമ്പത്തിക അസന്തുലിതത്വത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Image result for POOR PEOPLE IN INDIA

ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളും സാമ്പത്തിക-വിദ്യാഭ്യാസ അസമത്വത്തിന് ഇരകളാകുന്നുണ്ട്. ഇന്ത്യയിലുള്ള മികച്ച ആരോഗ്യപരിപാലന സംവിധാനവും ഉന്നത വിദ്യാഭ്യാസ സൗകര്യവും പണക്കാര്‍ക്ക് മാത്രമുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയില്‍ ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ ഒരുവയസ്സിന് മുമ്പ് മരിക്കുന്നത് ധനിക കുടുംബങ്ങളിലെ മരണനിരക്കിലേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പൊതുമേഖലയ്ക്കും കുടിവെള്ള വിതരണത്തിനും ഇന്ത്യ ഒരു വര്‍ഷം ചെലവാക്കുന്നത് 2,08,166 കോടിയാണ്. ഇത് മുകേഷ് അംബാനിയുടെ മൊത്തം സമ്പാദ്യത്തെക്കാള്‍ കുറവാണെന്നും ഒക്‌സ്ഫാം വിശദീകരിക്കുന്നു.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നര്‍ അടയ്ക്കുന്ന് ടാക്‌സിനേക്കാള്‍ .5 ശതമാനം അധികമടച്ചാല്‍ സര്‍ക്കാര്‍ രാജ്യപുരോഗതിക്ക് ചെലവഴിക്കുന്ന തുകയുടെ അമ്പത് ശതമാനം കണ്ടെത്താനാകുമെന്നും പഠനം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more