ന്യൂദല്‍ഹി: ഹൈക്കമാന്‍ഡിനെ ദുര്‍ബലപ്പെടുത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് എങ്ങനെ അത്തരമൊരു കത്ത് എഴുതാന്‍ കഴിഞ്ഞെന്നാണ് താന്‍ ആലോചിക്കുന്നതെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നടപടി ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സോണിയ തയ്യാറല്ലെങ്കില്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തന്നെ വരണമെന്നും ആന്റണി നിലപാടെടുത്തു.
കത്തിലെ അക്ഷരത്തേക്കാള്‍ അതിലെ ഉള്ളടക്കം ക്രൂരമായിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിക്കൊപ്പം നിന്നയാളാണ് സോണിയ. പല ത്യാഗങ്ങളും സഹിച്ചാണ് അവര്‍ പാര്‍ട്ടിക്കൊപ്പം നിലകൊണ്ടത്.
പാര്‍ട്ടി നേതൃത്വത്തെ കുറിച്ചും പാര്‍ട്ടിയിലെ അനിശ്ചിതത്വത്തെ കുറിച്ചും പറയുന്ന കത്ത് പ്രവര്‍ത്തകരെ കൂടി നിരാശയിലാക്കുന്നത്. ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇങ്ങനെയൊരു കത്ത് അയക്കാന്‍ കഴിയുമെന്ന് വിശ്വാസിക്കാനാവുന്നില്ലെന്നും ആന്റണി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസില്‍ എത്രയും പെട്ടെന്ന് നേതൃമാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ട് 23 പേര്‍ കത്തയച്ചതിനെതിരെ നേതാക്കളായ കെ.സി വേണുഗോപാലും രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.