| Tuesday, 11th June 2019, 2:43 pm

ക്ഷീണിച്ച കോണ്‍ഗ്രസിനെ കൊണ്ട് ഇനി മുസ്‌ലീങ്ങള്‍ക്ക് പ്രയോജനമില്ല; ആത്മപരിശോധന നടത്തണമെന്ന് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തങ്ങളുടെ വോട്ടുകള്‍ എവിടേക്കാണ് പോകുന്നതെന്ന് മുസ്‌ലീങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പ്രത്യേകിച്ചും രാജ്യത്ത് കോണ്‍ഗ്രസ് ഇത്രയും ക്ഷീണിച്ച അവസ്ഥയില്‍ ഇക്കാര്യം ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും ഉവൈസി പറഞ്ഞു.

കോണ്‍ഗ്രസിനെയോ മറ്റ് മതേതര പാര്‍ട്ടികളേയോ ഉപേക്ഷിക്കണമെന്ന് പറയുന്നില്ല. എന്നാല്‍ നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അഭിലാഷങ്ങളും നടത്തിത്തരാനുള്ള കരുത്ത് ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം.

കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ മുസ്‌ലീങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മാത്രമാണ് ബി.ജെ.പിയെ നേരിടാനുള്ള ശക്തിയുള്ളതെന്നും ഉവൈസി പറഞ്ഞു.

അമേഠിയില്‍ തോറ്റ രാഹുല്‍ മുസ്‌ലിം വോട്ട് നേടിയാണ് വയനാട്ടില്‍ വിജയിച്ചതെന്ന് കഴിഞ്ഞ ദിവസം ഉവൈസി പറഞ്ഞിരുന്നു.

‘1947 ഓഗസ്റ്റ് 15 ന് ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ കരുതിയത് ഇതൊരു പുതിയ ഇന്ത്യയായിരിക്കുമെന്നാണ്. ആ ഇന്ത്യ ആസാദിന്റേയും നെഹ്റുവിന്റേയും അംബേദ്ക്കറുടേയും അവരുടെ പിന്തുടര്‍ച്ചക്കാരുടേയും ആയിരിക്കും. ഈ രാജ്യത്തില്‍ നമുക്ക് കിട്ടാന്‍ പോകുന്ന സ്ഥാനത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ദാനധര്‍മ്മത്തില്‍ നിലനില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’ എന്നായിരുന്നു ഉവൈസി പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നു മത്സരിച്ച ഒവൈസി 2.82 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. നാലാംവട്ടമാണ് ഉവൈസി ലോക്‌സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഉവൈസി ഇതിനുമുന്‍പ് വിജയിച്ചുകയറിയത്.

Latest Stories

We use cookies to give you the best possible experience. Learn more