ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഒരു മാസ്റ്റര്‍ ജീനിയസൊന്നുമല്ലെന്നും അഴിമതി നിറഞ്ഞ സങ്കീര്‍ണമായ റഷ്യന്‍ രാഷ്ട്രീയ വ്യവസ്ഥയിലെ നിലവിലത്തെ നേതാവ് മാത്രമാണെന്നും ലണ്ടനിലെ ഉക്രൈന്‍ അംബാസഡര്‍ വാദിം പ്രൈസ്തായിക്കോ. സാധാരണഗതിയില്‍ ഒരു മനുഷ്യന്റെ മരണം ആരും ആഗ്രഹിക്കില്ലെന്നും എന്നാല്‍ പുടിന്‍ മരിച്ചാല്‍ തങ്ങള്‍ സന്തോഷിക്കുമെന്നും പ്രൈസ്തായിക്കോ പറഞ്ഞു.
‘എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു മാസ്റ്റര്‍ ജീനിയസാണ് പുടിന്‍ എന്ന് ഞാന്‍ കരുതുന്നില്ല. വ്യവസ്ഥിതി വളരെ സങ്കീര്‍ണമാണ്. അതൊരു വളരെ വലിയ വ്യവസ്ഥയാണ്. റഷ്യക്ക് അവരുടേതായ താത്പര്യങ്ങളുണ്ട്, അവരുടേതായ കോര്‍ ഗ്രൂപ്പുകളുണ്ട്. അവിടെ പുടിന്റെ അനുയായികളുണ്ട്. ശത്രുക്കളുമുണ്ട്. ആല്‍ഫ (ആല്‍ഫ ഡോഗ്-അക്രമകാരികളായ നായ്ക്കൂട്ടത്തിന്റെ നേതാവ്) അവിടെത്തന്നെയുണ്ടെന്ന് അവരെല്ലാം തിരിച്ചറിയുന്നുണ്ട്, എന്നാല്‍ അയാള്‍ ദുര്‍ബലനായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ അക്രമാസക്തമായ പല നീക്കങ്ങളും നടക്കാന്‍ സാധ്യതയുണ്ട്,’ പ്രൈസ്തായിക്കോ പറഞ്ഞു.
റഷ്യക്കകത്ത് നിന്നും പുറത്ത് നിന്നും പുടിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നീക്കങ്ങളുണ്ടായി വരുന്നുവെങ്കില്‍ അത് നല്ലതാണെന്നും പ്രൈസ്തായിക്കോ കൂട്ടിച്ചേര്‍ത്തു.
‘നമ്മള്‍ വ്യവസ്ഥിതിക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ അവര്‍ ആല്‍ഫാ ഡോഗിനെ മാറ്റും, അല്ലെങ്കില്‍ ഏതൊക്കെയോ കാരണങ്ങളാല്‍ ആല്‍ഫ മരിക്കും, വ്യവസ്ഥിതി മാറും. എന്തായിരിക്കും ആ മരണത്തിന്റെ കാരണമെന്നതിനെക്കുറിച്ച് നമുക്കൊരു ധാരണയും ഉണ്ടാകണമെന്നില്ല,’ പ്രൈസ്തായിക്കോ പറഞ്ഞു.
‘പുടിന്‍ മരിച്ചാല്‍ ഞങ്ങള്‍ സന്തോഷിക്കും. ഒരു മനുഷ്യന്റെ മരണം സാധാരണ ആരും ആഗ്രഹിക്കാറില്ല, എന്നാല്‍ ഇയാളുടെ കാര്യത്തില്‍ മാത്രം ഞങ്ങളങ്ങനെ കരുതുന്നു,’ പ്രൈസ്തായിക്കോ കൂട്ടിച്ചേര്‍ത്തു.
വ്‌ളാദിമര്‍ പുടിനെ മാറ്റിയാല്‍ അത് ഉക്രൈന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തോട് എന്തിനാണ് മുന്‍വിധിയോട് കൂടിയുള്ള ചിന്തകളുമായി മുന്നോട്ട് പോകുന്നതെന്ന് പ്രൈസ്തായിക്കോ പ്രതികരിച്ചു.
‘എപ്പോഴും ഇത്തരത്തിലുള്ള സംസാരങ്ങളാണ് ഇവിടെ നടക്കുന്നത്. പുടിന് ശേഷം വരുന്ന ആളുകളും വളരെ മോശമാകുമെന്ന നിഗമനത്തിലേക്ക് എന്തുകൊണ്ടാണ് ആളുകളെല്ലാം എത്തിച്ചേരുന്നത്. നിങ്ങള്‍ക്കതെങ്ങനെ അറിയാം. മറ്റൊരാള്‍ മെച്ചപ്പെട്ട രീതിയില്‍ ഇടപെടില്ലെന്ന് എങ്ങനെയാണ് നിങ്ങള്‍ക്ക് പറയാന്‍ കഴിയുക? ഏറ്റവും കുറഞ്ഞത് അയാള്‍ പുടിനേക്കാളെങ്കിലും മെച്ചപ്പെട്ടയാളായിക്കൂടെന്നുണ്ടോ?,’ പ്രൈസ്തായിക്കോ ചോദിച്ചു.
Content Highlights: We would be happy if Putin died; Ambassador of Ukraine