പി.എസ്.ജിയുടെയും ഫ്രഞ്ച് ദേശീയ ടീമിന്റെയും അക്രമണ നിരയുടെ കുന്തമുനയാണ് ഫ്രഞ്ച് യുവതാരമായ കിലിയൻ എംബാപ്പെ.
താരത്തിന്റെ മികവിൽ ഫ്രഞ്ച് ദേശീയ ടീം 2018 ലോകകപ്പിൽ മുത്തമിടുകയും 2022 ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തിരുന്നു.
എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈട്ടണ് വേണ്ടി കളിക്കുന്ന യുവതാരമായ ഇവാൻ ഫെർഗൂസണെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ കിലിയൻ എംബാപ്പെ. ഐറിഷ് താരമായ ഫെർഗൂസൺ ബ്രൈട്ടണെ പ്രീമിയർ ലീഗിലെ പല വമ്പൻ ക്ലബ്ബുകളുടെയും പേടി സ്വപ്നമാക്കാൻ നിർണായക പങ്കുവഹിച്ച താരമാണ്.
മാർച്ച് 27ന് ഫ്രാൻസിന്റെ അയർലണ്ടിനെതിരെയുള്ള മത്സരത്തിൽ എംബാപ്പെയും ഫെർഗൂസണും മുഖാമുഖം വരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഫെർഗൂസണെ അഭിനന്ദിച്ച് എംബാപ്പെ രംഗത്ത് വന്നിരിക്കുന്നത്.
“ഞാൻ ഫെർഗൂസന്റെ ചില മത്സരങ്ങൾ കണ്ടിരുന്നു. അദ്ദേഹം അസാമാന്യനായ ഒരു സ്ട്രൈക്കറാണെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അവനെ ഞങ്ങൾ വളരെ സൂക്ഷിച്ച് തന്നെ കളിക്കളത്തിൽ നേരിടും. അധികം മത്സരങ്ങളിൽ അവനോട് ഏറ്റുമുട്ടേണ്ടി വരല്ലേ എന്ന് ഞാൻ ആഗ്രഹിക്കുന്നു,’ ആർ.എം.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ എംബാപ്പെ പറഞ്ഞു.
ബ്രൈട്ടണ് വേണ്ടി പ്രീമിയർ ലീഗിലെ 16 മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകളും നാല് അസിസ്റ്റുകളുമാണ് 18കാരനായ താരം സ്വന്തമാക്കിയത്.
അതേസമയം യൂറോ ക്വാളിഫയറിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഫ്രാൻസ് പരാജയപ്പെടുത്തിയിരുന്നു.
നിലവിൽ 2024 യൂറോ ക്വാളിഫയർ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഗ്രൂപ്പ് ബിയിൽ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഫ്രാൻസ്.
Content Highlights:we won’t see him much mbappe said about Evan Ferguson