ന്യൂദല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം. മകന്‍ കാര്‍ത്തി ചിദംബരത്തിനും കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ദല്‍ഹി റോസ് അവന്യൂ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് കാര്‍ത്തി ചിദംബരം രംഗത്തെത്തി. ‘ചിലതില്‍ ഞങ്ങളും വിജയിക്കു’മെന്നായിരുന്നു ഒറ്റ വരിയില്‍ കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ കുറിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടെന്നാണു കേസ്.
600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നല്‍കാന്‍ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതെന്നാണ് സി.ബി.ഐയുടെ ആരോപണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിന് സുപ്രീം കോടതിയില്‍ നിന്നും ഇന്ന് തിരിച്ചടി നേരിട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ പി. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയായിരുന്നു.
ഐ.എന്‍.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിഗണിച്ചത്. ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങളുടെ പരിധിയില്‍ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ കസ്റ്റഡിയിലാണ് ചിദംബരം ഇപ്പോള്‍. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. ഇതോടെ ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി അപേക്ഷ നല്‍കാനാണ് സാധ്യത.