നാലാമത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗി(സി.സി.എല്‍)ലേക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കോളിവുഡ്. ടീം ഇതുവരെ നടത്തിയിട്ടില്ലാത്ത തരത്തിലുള്ള പരിശീലനമാണ് ഇത്തവണ നടത്തിയിരിക്കുന്നത്.
ജീവയാണ് ഇത്തവണ കോളിവുഡ് ടീമിനെ നയിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ വിശാല്‍ ഷൂട്ടിങ് തിരക്കിലായതിനാലാണ് ജീവ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. സി.സി.എല്ലില്‍ ഇത്തവണ തങ്ങള്‍ വിജയിക്കുമെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്.
“ആസ്വദിച്ച് കളിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. കളിയുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. കളിയുടെ അവസാന ദിനം ഞങ്ങളായിരിക്കും താരങ്ങള്‍.” ജീവ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷവും കപ്പ് തങ്ങള്‍ തട്ടിത്തെറിപ്പിച്ചെന്നും ഈ വര്‍ഷം വളരെ ശാന്തമായി കളിക്കുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.
തങ്ങള്‍ ഈ വര്‍ഷം നല്ല ആത്മ വിശ്വാസത്തിലാണെന്നും വിജയം തങ്ങള്‍ക്കാണെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 10 നാണ് സി.സി.എല്‍ മത്സരം തുടങ്ങുന്നത്. എട്ട് ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ജനുവരി 31 നാണ് ഫൈനല്‍ മത്സരം.
ബോസും അശോക് സെല്വനുംആയിരിക്കും ടീമിലെ സ്പിന്നേര്സെന്നും വിക്രാന്തും ഷാമും ഭരത്ത് ചേര്‍ന്നാവും മീഡിയം പേസ് ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുകയെന്നും ജീവ അറിയിച്ചു. ആര്.ജെ ബാലാജിയാണ് ടീമിലെ ഓള് റൗണ്ടര്‍.
അതേ സമയം മലയാളം സിനിമാ താരങ്ങളുടെ ടീമായ അമ്മ കേരള സ്ട്രൈക്കേര്സിന്റെ പരിശീലനം കാര്യമായി നടക്കുന്നില്ലെന്നും ഇത്തവണ ടീം ക്യാപ്റ്റനാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്‍ ക്യാപിറ്റന്‍ രാജീവ് പിള്ള നേരത്തെ അറിയിച്ചിരുന്നു.