ലോകകപ്പില്‍ പുറത്താകല്‍ ഭീഷണി നേരിടുന്നതിനിടെ സെമി സാധ്യത നിലനിര്‍ത്താന്‍ നാളെ ബംഗ്ലദേശിനെതിരെ 600 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിയ്ക്കുമെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. നാളെ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്‌കോറിന് ജയിച്ചാല്‍ മാത്രമേ പാകിസ്താന് സെമി സാധ്യതയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് സര്‍ഫ്രാസ് അഹമ്മദിന്റെ മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം.
ആദ്യം ബാറ്റ് ചെയ്ത് 350 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ 311 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിക്കണം, 400 റണ്‍സാണെങ്കില്‍ 316 റണ്‍സിന് തോല്‍പ്പിക്കണം, 450 ആണെങ്കില്‍ 321 റണ്‍സിന് തോല്‍പ്പിക്കണം.
‘ ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 316 റണ്‍സിന് വിജയിക്കുക എന്നത് വലിയ ലക്ഷ്യമാണ്. അതും സാധ്യമാകുന്നത് ഞങ്ങള്‍ ആദ്യം ബാറ്റു ചെയ്യുമ്പോള്‍ മാത്രമാണ്. അങ്ങനെയെങ്കില്‍ അഞ്ഞൂറോ അറുനൂറോ റണ്‍സ് അടിച്ചെടുക്കേണ്ടി വരും.’
ഒന്നും സംഭവിക്കില്ല എന്നറിയാം. എന്നിരുന്നാലും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഞങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കും. സര്‍ഫ്രാസ് പറഞ്ഞു.
ടൂര്‍ണമെന്റിലെ പാകിസ്താന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിനെതിരായി നേടിയ 348 ആണ്.