ബി.ജെ.പി ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ്; ഇനി തീരുമാനമെടുക്കേണ്ടത് ജനങ്ങള്‍: സിദ്ധരാമയ്യ
Karnataka Election
ബി.ജെ.പി ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ്; ഇനി തീരുമാനമെടുക്കേണ്ടത് ജനങ്ങള്‍: സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th May 2018, 9:58 am

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ അധികാരമേറ്റ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.

പാര്‍ലമെന്ററി ജനാധിപത്യത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ഞങ്ങള്‍ ഇനി ജനങ്ങള്‍ക്ക് മുന്‍പിലാണ് ഈ വിഷയം വെക്കുന്നത്. ബി.ജെ.പിക്ക് ജനാധിപത്യത്തിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങള്‍ ജനങ്ങളോട് പറയും. ഇതില്‍ ഇനി തീരുമാനമെടുക്കാന്‍ പോകുന്നത് ജനങ്ങളാണെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.


Dont Miss കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരേയും വഹിച്ചുകൊണ്ടുള്ള വാഹനം കര്‍ണാടക നിയമസഭയിലേക്ക് പുറപ്പെട്ടു; വന്‍പ്രതിഷേധത്തിനൊരുങ്ങി എം.എല്‍.എമാര്‍


അതിനിടെ പരസ്യപ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ എത്തി. ജി.എന്‍ ആസാദ്, അശോക് ഖേലോട്ട്, സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുള്‍പ്പെടെയാണ് ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ഇന്ത്യയിലെ ഭരണഘടന പരിഹസിക്കപ്പെടുകയാണെന്നും ബി.ജെ.പി വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യം തോല്‍ക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ ഇന്ന് രാവിലെയാണ് അധികാരമേറ്റത്. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്തുള്ളൂ.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയായി.