വാഷിംഗ്ടണ്‍: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പൊതുവേദിയിലെത്തി റാലിയില്‍ പങ്കെടുത്ത് ഡൊണാള്‍ഡ് ട്രംപ്. അടുത്ത തെരഞ്ഞെടുപ്പില്‍ അമേരിക്കയുടെ ഭരണം തിരിച്ചു പിടിക്കുമെന്നും ശനിയാഴ്ച ഒഹിയോയില്‍ വെച്ച് നടന്ന റാലിയില്‍ ട്രംപ് പറഞ്ഞു.
കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയത് ചതിയിലൂടെയാണെന്ന് ട്രംപ് റാലിയില്‍ പറഞ്ഞു. വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ട്രംപ് ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണ് ഇത്.
‘രണ്ട് തവണ വിജയിച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ മൂന്നാം തവണയും വിജയം കൈവരിക്കും,’ ട്രംപ് പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണോട് വിജയിച്ച ട്രംപ് 2020ല്‍ ബൈഡനോട് പരാജയപ്പെടുകയായിരുന്നു.
കുടിയേറ്റങ്ങള്‍ തടയാനായി ഡൊണാള്‍ഡ് ട്രംപ് പണിതുകൊണ്ടിരുന്ന മതിലിന്റെ നിര്‍മാണം നിര്‍ത്തുകയായിരുന്നു ജോ ബൈഡന്‍ അധികാരത്തിലേറിയതിന് പിന്നാലെ ആദ്യം ചെയ്തത്. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ മനുഷ്യത്വ രഹിതമാണെന്നും ബൈഡന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെയും ട്രംപ് ചോദ്യം ചെയ്തു. അമേരിക്കന്‍ അതിര്‍ത്തി കടന്ന് നിരവധി പേരാണ് രാജ്യത്തേക്ക് കടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
‘ലക്ഷക്കണക്കിന് ആളുകളാണ് നമ്മുടെ രാജ്യത്തേക്ക് അതിര്‍ത്തി കടന്ന് വരുന്നത്. നമ്മള്‍ ചെയ്തതിന് നേരെ വിപരീതമായാണ് ബൈഡന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്,’ ട്രംപ് പറഞ്ഞു.
തങ്ങള്‍ ഈ ഹൗസ് വീണ്ടെടുക്കും, ഈ സെനറ്റ് വീണ്ടെടുക്കും, അമേരിക്കയില്‍ തങ്ങള്‍ തന്നെ അധികാരത്തില്‍ വരും, അത് ഉടനെ തന്നെ ഉണ്ടാവുമെന്നും ട്രംപ് പറഞ്ഞു.