കൊല്‍ക്കത്ത: ബി.ജെ.പിക്ക് വോട്ട് നൽകുന്നവർക്കൊപ്പം മാത്രമേ പാര്‍ട്ടി നില്‍ക്കൂള്ളൂ എന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യം അനാവശ്യമാണെന്നും തങ്ങളുടെ കൂടെ ആര് നില്‍ക്കുന്നോ അവര്‍ക്കൊപ്പം മാത്രമേ പാര്‍ട്ടി നില്‍ക്കുള്ളൂ എന്നുമാണ് സുവേന്ദു അധികാരി പറഞ്ഞത്.
ബി.ജെ.പിയുടെ സംസ്ഥാന നിര്‍വാഹക സമിതി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സുവേന്ദു അധികാരിയുടെ പ്രതികരണം.
‘മുസ്‌ലിങ്ങള്‍ക്ക് വേണ്ടിയെല്ലാം ഞാന്‍ സംസാരിച്ചിട്ടുണ്ട്. സബ്കാ സാത്ത് സബ്കാ വികാസ് എന്ന് നമ്മളെല്ലാവരും പറയാറുണ്ടായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഞാന്‍ അത് പറയില്ല. ആരാണ് നമുക്കൊപ്പം ഉള്ളത് അവര്‍ക്കൊപ്പം മാത്രമേ പാര്‍ട്ടി ഇനി നില്‍ക്കുകയുള്ളൂ. ന്യൂനപക്ഷ മോര്‍ച്ചയുടെ ആവശ്യവും പാര്‍ട്ടിക്ക് ഇല്ല,’സുവേന്ദു അധികാരി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലയിടത്തും ടി.എം.സിയുടെ പ്രവര്‍ത്തകര്‍ ഹിന്ദുക്കളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും അധികാരി അവകാശപ്പെട്ടു.
പശ്ചിമ ബംഗാളില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ടി.എം.സിയുടെ ഗുണ്ടകള്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളിലെ വോട്ടര്‍മാരില്‍ 30 ശതമാനത്തോളം ന്യൂനപക്ഷങ്ങളാണ്. 2014ല്‍ ‘സബ്കാ സാത്ത് സബ്കാ വികാസ് എന്നായിരുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം, 2019ല്‍ അത് സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’എന്നായിരുന്നു.
Content Highlight: We will support those who support us, West Bengal BJP president