| Tuesday, 21st February 2023, 8:46 am

"ഹോം ഗ്രൗണ്ടിലിട്ട് പി.എസ്.ജിയെ തീർക്കണം"; സഹതാരവുമായി നടത്തിയ സ്വകാര്യ സംഭാഷണം പുറത്ത് വിട്ട് ലൂക്കാ മോഡ്രിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

2021-2022 സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായിരുന്നു റയൽ മാഡ്രിഡ്‌. ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് വിട്ടാണ് സ്പാനിഷ് ക്ലബ്ബ്‌ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ പതിനാലാം തവണ മുത്തമിട്ടത്.

എന്നാൽ അന്നത്തെ ടൂർണമെന്റിൽ പി.എസ്.ജിയുമായുള്ള പ്രീ ക്വാർട്ടർ മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ റയൽ മാഡ്രിഡ് മധ്യ നിര താരമായ ലൂക്കാ മോഡ്രിച്ച്.

പ്രീ ക്വാർട്ടറിലെ ആദ്യ പാദത്തിൽ പാരിസ് ക്ലബ്ബിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട റയൽ, രണ്ടാം പാദത്തിൽ 3-1 ന് ജയിച്ചാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.

രണ്ടാം പാദ മത്സരത്തിൽ ആദ്യ പാദത്തിലെ ഗോൾ സ്കോററായ എംബാപ്പെ പി.എസ്.ജിയെ മുന്നിലെത്തിച്ചെങ്കിലും കരിം ബെൻസെമയുടെ ഹാട്രിക്കിൽ റയൽ മത്സരം വിജയിക്കുകയായിരുന്നു.

എന്നാലിപ്പോൾ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ മത്സരത്തിൽ ഒരു ഗോളിന് പിന്നിലായതിന് ശേഷം തന്റെ സഹതാരം ഡാനി കർവാജലുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ലൂക്കാ മോഡ്രിച്ച്. ബി.ടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഡാനിയുമായുള്ള സംസാരത്തെക്കുറിച്ച് പ്രതികരിച്ചത്.

“ആ മത്സരം എങ്ങനെ തിരിച്ചു വരവ് നടത്താമെന്നുള്ളതിന് ഒരു മികച്ച ഉദാഹരണമായിരുന്നു. ആദ്യ പാദം നന്നായി കളിച്ചിട്ടും ഞങ്ങൾ ഒരു ഗോളിന് തോറ്റിരുന്നു. പക്ഷെ ഞങ്ങൾ തിരിച്ചുവന്നു,’ മോഡ്രിച്ച് പറഞ്ഞു.

“മത്സരം പരാജയപ്പെട്ടതിന് ശേഷം ഞാൻ സഹതാരമായ ഡാനി കർവാജലിനൊപ്പം ബെഞ്ചിൽ ഇരിക്കുകയായിരുന്നു. ഞങ്ങൾ പിന്നിലായതിന് ശേഷം നമുക്ക് ബെർണാബ്യൂവിലിട്ട് പി.എസ്.ജിയെ തീർക്കണമെന്ന് ഞാൻ അവനോട് പറഞ്ഞു.

കാരണം ഞങ്ങളുടെ ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ ഞങ്ങൾക്കുള്ള മുൻതൂക്കത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു,’ ലൂക്കാ മോഡ്രിച്ച് കൂട്ടിച്ചേർത്തു,’

അതേസമയം ലാ ലിഗയിൽ 22 മത്സരങ്ങളിൽ നിന്നും 51 പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ.

ഫെബ്രുവരി 22ന് ലിവർപൂളുമായി ചാമ്പ്യൻസ് ലീഗിലാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:We will kill them” – Luka Modric reveals chat with Dani Carvajal

We use cookies to give you the best possible experience. Learn more