ഗാന്ധിജിയെ കൊന്നതുപോലെ കെജ്‌രിവാളിനെയും കൊല്ലുമെന്ന് ഹിന്ദു മഹാസഭ സ്ഥാനാര്‍ത്ഥിയുടെ ഭീഷണി
Daily News
ഗാന്ധിജിയെ കൊന്നതുപോലെ കെജ്‌രിവാളിനെയും കൊല്ലുമെന്ന് ഹിന്ദു മഹാസഭ സ്ഥാനാര്‍ത്ഥിയുടെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th February 2015, 9:00 am


ന്യൂദല്‍ഹി: ഗാന്ധിജിയെ വെടിവെച്ചു കൊന്നതുപോലെ കെജ്‌രിവാളിനെയും കൊലപ്പെടുത്തുമെന്ന് ഹിന്ദു മഹാസഭാ നേതാവ്. ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഹിന്ദു മഹാസഭാ നേതാവ് സ്വാമി ഓംജി നടത്തിയ ഈ പരാമര്‍ശമടങ്ങിയ വീഡിയോ റിയല്‍ന്യൂസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.

“ദേശദ്രോഹിയായ ഗാന്ധിജിയെ ഞങ്ങള്‍ വെടിവെച്ചുകൊന്നു. മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നത് ഹിന്ദു മഹാസഭയാണ്. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കെജ്‌രിവാളിനേയും കൊലപ്പെടുത്തും. നൂപുര്‍ ശര്‍മ്മയെ ജയിപ്പിക്കാനും കിരണ്‍ ബേദിയെ മുഖ്യമന്ത്രിയാക്കാനും മോദീജീയുടെ അഭിമാനം സംരക്ഷിക്കാനും ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മോദിജീ മുമ്പ് സഹായാഭ്യര്‍ത്ഥനയുമായി എന്നെ വിളിച്ചിരുന്നു. അതിന്റെ രേഖകള്‍ ബി.ജെ.പിയുടെ ഓഫീസില്‍ ഉണ്ട്. ദേശദ്രോഹിയായ കെജ്‌രിവാളിനെയും കോണ്‍ഗ്രസ്സിനെയും തോല്‍പ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.” ഹിന്ദു മഹാസഭ നേതാവ് സ്വാമി ഓംജി പറഞ്ഞു.

കെജ്‌രിവാള്‍ ദേശദ്രോഹിയാണ്. അണ്ണ ഹസാരെയെയും കെജ്‌രിവാളിനെയും പരസ്പരം പരിചയപ്പെടുത്തിയത് താനാണ്. അത് തെറ്റായിപ്പോയെന്നു തോന്നുന്നു. “ദേശദ്രോഹി കെജ്‌രിവാള്‍” എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതിന്റെ ഒരു കോടി കോപ്പികള്‍ വിറ്റഴിച്ചിട്ടുണ്ട്. കെജ്‌രിവാള്‍ ഈ നിലയില്‍ പോകുകയാണെങ്കില്‍ അദ്ദേഹം അധികകാലം ഇങ്ങനെ നില്‍ക്കില്ലെന്നും ഈ സ്വാമി ഭീഷണിപ്പെടുത്തുന്നുണ്ട്.

സന്യാസിയായ താങ്കള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുമ്പോള്‍ താന്‍ പരശുരാമന്റെ പിന്‍ഗാമിയാണെന്നാണ് അദ്ദേഹം മറുപടി നല്‍കുന്നത്. പരശുരാമന്‍ 21 തവണ ഭൂമി ചുറ്റി മനുഷ്യരെ കൊന്നിട്ടുണ്ട്. ഹിന്ദു മഹാസഭയുടെ നാഥൂറാം വിനായക് ഗോഡ്‌സെ  ഗാന്ധിജിയെ കൊന്നിട്ടുണ്ട് അദ്ദേഹം പറയുന്നു.

ന്യൂദല്‍ഹിയില്‍ പാലികാ ബസാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയാണ് ഇദ്ദേഹം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ തൊപ്പി ധരിച്ചാണ് അദ്ദേഹം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ദല്‍ഹി വോട്ടെടുപ്പ് കഴിഞ്ഞു. തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥികളിലൊരാള്‍ നടത്തിയ ഈ പരാമര്‍ശത്തിനിതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും എന്തു നടപടിയെടുക്കുമെന്നാണ് ഇനി കാണേണ്ടത്.