വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
കാബൂളിലെ ആക്രമണം അമേരിക്ക മറക്കില്ലെന്നും ഇത് നടത്തിയവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും ബൈഡന്‍ പറഞ്ഞു.
” ഈ ആക്രമണം നടത്തിയവരും അമേരിക്കയെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവരും ഇത് അറിയുക, ഞങ്ങള്‍ ക്ഷമിക്കില്ല. ഞങ്ങള്‍ മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടി വീഴ്ത്തും. ഇതിന്റെ വില നിങ്ങള്‍ കൊടുക്കേണ്ടിവരും,” ബൈഡന്‍ പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികര്‍ ‘ഹീറോകള്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ യു.എസ് സൈനികരും അഫ്ഗാനിസ്ഥാന്‍ വിടാനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആണെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു, ആ തീയതിക്ക് മുമ്പ് യു.എസ് സൈന്യം കഴിയുന്നത്ര ആളുകളെ പുറത്തെത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
കാബൂളിലെ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 73 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുട്ടികളും താലിബാന്‍ അംഗങ്ങളും മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് താലിബാന്‍ പറയുന്നത്.
മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്ന് താലിബാന്‍ പറഞ്ഞതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വിമാനത്താവളത്തിന്റെ മൂന്ന് ഗേറ്റിന് മുന്നില്‍ സ്ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.