പാലത്തായി കേസില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് കുട്ടിയുടെ ബന്ധുക്കള്‍
Palathayi
പാലത്തായി കേസില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് കുട്ടിയുടെ ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 2:12 pm

പാലത്തായി: പാലത്തായി കേസില്‍ പ്രതി പദ്മരാജന് ജാമ്യം നല്‍കിയ നടപടി ഹൈക്കോടതിയും ശരിവെച്ചെങ്കിലും നീതി ലഭിക്കും വരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍.

‘കോടതിയുടെ വിധിയെ മാനിക്കുന്നു. പക്ഷെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. മറ്റു കുടുംബാംഗങ്ങളോട് കൂടി ചര്‍ച്ച ചെയ്തശേഷം ഇതുമായി ബന്ധപ്പെട്ട ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കും.’ കുട്ടിയുടെ ബന്ധുവായ അബ്ദുള്ള ടി.വി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പെണ്‍കുട്ടിയ്ക്ക് നേരേ പീഡനമുണ്ടായെന്നതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിയ്ക്ക് ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു ഇപ്പോള്‍ കോടതി തള്ളിയ ഹരജിയില്‍ കുട്ടിയുടെ അമ്മ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

അതേസമയം ഹരജിയില്‍ ക്രൈം ബ്രാഞ്ചിന്റെ നിലപാടും ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ മാനസികനില ശരിയല്ലെന്നും കുട്ടിയ്ക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയ്ക്ക് ഭാവനയില്‍ നിന്ന് കാര്യങ്ങള്‍ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നെയിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു ഇതിനടിസ്ഥാനമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്.

കുട്ടിക്കെതിരെയുള്ള സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അബ്ദുള്ള ഡൂള്‍ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ മൊഴിയും അതിനെ സാധൂകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഉണ്ടായിരിക്കേ അന്വേഷണസംഘം ഉന്നയിക്കുന്ന ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഞങ്ങള്‍ ഇതുവരെ നടന്ന അന്വേഷണത്തില്‍ ഒട്ടും തൃപ്തരല്ല. കുറച്ച് നാളുകള്‍ക്ക മുന്‍പ് പ്രഖ്യാപിച്ച പുനരന്വേഷണവും കൃത്യമായ രീതിയിലല്ല നടക്കുന്നതെങ്കില്‍ മറ്റൊരു അന്വേഷണത്തിനായി അപേക്ഷ നല്‍കും. കൃത്യമായി അന്വേഷണം നടന്ന് നീതി ലഭിക്കും വരെ നിയമനടപടിയുമായി മുന്നോട്ടുപോകും.’ അബ്ദുള്ള പറഞ്ഞു.

പ്രതി നിരപരാധിയാണെന്ന രീതിയില്‍ കൊണ്ടെത്തിച്ച് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതിന്റെ സൂചനയാണ് കോടതി വിധിയെന്നും അതിനാല്‍ സംഭവത്തില്‍ ആഭ്യന്തര വകുപ്പിന്റെ അടിയന്തര നടപടിയുണ്ടായാലേ കേസ് മുന്നോട്ടുപോകുകയുള്ളുവെന്നും സാമൂഹ്യപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കര ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. ആഭ്യന്തര വകുപ്പും സംഘപരിവാറും നടത്തിയ കരാറിന്റെ ഭാഗമായാണ് കേസില്‍ നിരന്തരം അട്ടിമറികള്‍ നടന്നതെന്നും ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.

‘ആഭ്യന്തരവകുപ്പ് നിലപാട് സ്വീകരിക്കാതെ പാലത്തായി കേസ് ഇനി ഒരു ചുവട് മുന്നോട്ടു പോകില്ല. കാരണം അയാള്‍ ജാമ്യത്തിന് അര്‍ഹനാണെന്ന് കോടതി പറഞ്ഞുകഴിഞ്ഞു. തലശ്ശേരി പോക്സോ കോടതിയില്‍ നടന്നുക്കൊണ്ടിരിക്കുന്ന കേസാണ് ഇപ്പോഴുള്ളത്. ആ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊടുക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ലേ മുന്നോട്ടുപോകുകയുള്ളു.

ഹൈക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്തമായ ഒരു റിപ്പോര്‍ട്ട് കേസിന്റെ പുനരന്വേഷണത്തിലും കൊടുക്കില്ലല്ലോ. അതായത് പ്രതി നിരപരാധിയാണെന്ന രീതിയില്‍ ഈ കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നതിന്റെ സൂചനയാണ് ഹൈക്കോടതിയുടെ ഈ വിധി. അടിയന്തരമായി ആഭ്യന്തര വകുപ്പ് ഈ കേസില്‍ ഇടപെട്ടേ മതിയാകൂ.’ ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.

മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ ബുധനാഴ്ച (ഏപ്രില്‍ 15) ഉച്ചവരെ പിടികൂടാനായിരുന്നില്ല.

പാലത്തായിയിലെ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ബാലികയെ ഇതേ സ്‌കൂളിലെ അധ്യാപകനായ പദ്മരാജന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: We will go forward with legal actions says Child’s relatives in Palathayi case