ഇനി ബി.ജെ.പിയുടെ ഒരു ഭീഷണിയും വിലപ്പോവില്ല; ഭരണം തിരിച്ചുപിടിച്ചിരിക്കുമെന്ന് കോണ്‍ഗ്രസ്
Karnataka Election
ഇനി ബി.ജെ.പിയുടെ ഒരു ഭീഷണിയും വിലപ്പോവില്ല; ഭരണം തിരിച്ചുപിടിച്ചിരിക്കുമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th May 2018, 11:52 am

ബെംഗളൂരു: വിവിധ കോണുകളില്‍ നിന്നും, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് നേരെ ഭീഷണികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുയാണെന്നും എന്നാല്‍ ഇതൊന്നും കണ്ട് തങ്ങള്‍ പേടിക്കില്ലെന്നും കോണ്‍ഗ്രസ്.

ചെറുത്തുനില്‍ക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. എം.എല്‍.എമാര്‍ എല്ലാവരും ഇപ്പോള്‍ സുരക്ഷിതരാണ്. എത്ര ബുദ്ധിമുട്ടിയായാലും ഭരണം തിരിച്ചുപിടിച്ചിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss രഹസ്യബാലറ്റ് എന്ന ബി.ജെ.പിയുടെ ആവശ്യവും തള്ളി: തിരിച്ചടിയില്‍ പതറി ബി.ജെ.പി


കേന്ദ്രസര്‍ക്കാരിന്റെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും നേരത്തെ രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരെ ബി.ജെ.പി നേതാക്കള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ആ സാഹചര്യത്തിലാണ് എം.എല്‍.എമാരെ മാറ്റാന്‍ തീരുമാനിച്ചതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

എം.എല്‍.എമാരെ കേരളത്തിലേക്ക് മാറ്റാനായിരുന്നു ഞങ്ങളുടെ തീരുമാനമെന്നും എന്നാല്‍ ഡി.ജി.സി.എ വിമാനങ്ങള്‍ റദ്ദാക്കി യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ നാളെ ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സൂചിപ്പിച്ച് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.

എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്നും ജസ്റ്റിസ് എസ്.എസ് സിക്രി ചോദിച്ചു. യെദ്യൂരപ്പയുടെ കത്തില്‍ എം.എല്‍.എമാരുടെ പേരില്ല. എന്നാല്‍ കോണ്‍ഗ്രസ്- ദള്‍ നേതൃത്വം സമര്‍പ്പിച്ച കത്തില്‍ എം.എല്‍.എമാരുടെ പേരുണ്ടെന്നും ജസ്റ്റിസ് എസ്.എസ് സിക്രി പറഞ്ഞു.
ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ. മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിച്ചാല്‍ പോരേയെന്നും നാളെ വോട്ടെടുപ്പ് നടത്തിക്കൂടെയെന്നും കോടതിയ ചോദിച്ചു.