ഒളിമ്പിക്‌സിനായി തയ്യാറായിക്കഴിഞ്ഞു: ലണ്ടന്‍ ഒളിമ്പിക്‌സ് വിശേഷങ്ങളുമായി സുശീല്‍ കുമാര്‍
DSport
ഒളിമ്പിക്‌സിനായി തയ്യാറായിക്കഴിഞ്ഞു: ലണ്ടന്‍ ഒളിമ്പിക്‌സ് വിശേഷങ്ങളുമായി സുശീല്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2012, 11:02 am

ണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ഒരു മെഡല്‍ നേടുക എന്ന സ്വപ്‌നവുമായാണ് ഇന്ത്യയുടെ റെസ്ലിങ് താരം സുശീല്‍ കുമാര്‍ ലണ്ടനിലേക്ക് പറന്നത്. ബീജിങ് ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടം തന്നിലെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കുക എന്നതുമാത്രമാണ്  ലക്ഷ്യമെന്നും സുശീല്‍ പറയുന്നു.

ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞോ ?

ലണ്ടന്‍ ഒളിമ്പിക്‌സിനായി പൂര്‍ണമായും സജ്ജമായിക്കഴികഴിഞ്ഞെന്നു പറയാം. ഇനി അധികനാളില്ല. മത്സരത്തിന് തയ്യാറാണെങ്കിലും അല്പം സമ്മര്‍ദ്ദം ഇല്ലാതില്ല.  ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ഇനി രാജ്യത്തിന് വേണ്ടി നന്നായി കളിച്ച് മെഡല്‍ നേടണമെന്നാണ് ആഗ്രഹം.

ബീജിങിലെ വെങ്കലമെഡല്‍ നേട്ടത്തെക്കുറിച്ച് ?

ബീജിങ് ഒളിമ്പിക്‌സില്‍ ഞാന്‍ കുറച്ച് സമ്മര്‍ദ്ദത്തിലായിരുന്നു. അതിനാല്‍ തന്നെ സ്വര്‍ണമെഡല്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായില്ല. എന്നാല്‍ അതൊരു പാഠമായി ഉള്‍ക്കൊണ്ട് പറ്റിയ തെറ്റുകള്‍ തിരുത്തി മുന്നേറണമെന്നാണ് കരുതുന്നത്.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പതാകയേന്താന്‍ അവസരം വന്നിരിക്കുന്നു. ഇതിനെ എങ്ങനെ കാണുന്നു ?

റെസ്ലിംഗ് എന്ന ഇനം എനിയ്ക്ക് ഒരുപാട് അവസരങ്ങള്‍ ഉണ്ടാക്കിത്തന്നിട്ടുണ്ട്. അതില്‍ ഒന്നാണ് ഇന്ത്യന്‍ പതാകയേന്തി ഒളിമ്പിക്‌സ് വേദിയില്‍ ഇറങ്ങാന്‍ കഴിയുക എന്നത്. ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ലണ്ടനില്‍ ഇന്ത്യ എന്ന രാജ്യത്തെ പ്രതിനീധീകരിച്ച് പതാക പിടിക്കാന്‍ കഴിയുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.

ലണ്ടനിലെ അവസരങ്ങളെ കുറിച്ച് എന്താണ് തോന്നുന്നത് ?

തീര്‍ച്ചയായും കടുത്ത മത്സരം തന്നെയാവും അവിടെ നേരിടേണ്ടിവരിക. ഇറാനില്‍ നിന്നും മറ്റുമുള്ള മികച്ച റെസ്ലേഴ്‌സിനെ നേരിടേണ്ടതായി വരും. നന്നായി പരിശീലനം നടത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായില്ലെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. എന്റെ കഴിവില്‍ എനിയ്ക്ക് വിശ്വസമുണ്ട്. ഞാന്‍ നേരിടേണ്ടിവരുന്നത് ലോകത്തിലെ തന്നെ മികച്ച പത്ത് റെസ്ലേഴ്‌സിനെ ആണ്. അതുകൊണ്ട് തന്നെ അതിന്റേതായ സമ്മര്‍ദ്ദം ഉണ്ട്.

ലണ്ടന്‍ ഒളിമ്പിക്‌സിന് വേണ്ടിയുള്ള പരിശീലനം എങ്ങിനെയുണ്ടായിരുന്നു  ?

കോച്ചിംഗ് സെഷനുകളെല്ലാം നിലവാരമുള്ളത് തന്നെയായിരുന്നു. പരിശീലനത്തിനായുള്ള എല്ലാ സൗകര്യവും ഉണ്ടായിരുന്നു. കഴിവുള്ള സ്റ്റാഫുകള്‍ എല്ലായ്‌പ്പോഴും കൂടെയുണ്ടായിരുന്നു. ബലാറസിലായിരുന്നു അവസാനഘട്ട പരിശീലനം. അതുകൊണ്ട് തന്നെ ഈസ്‌റ്റേണ്‍ യൂറോപ്യന്‍ റെസ്ലേഴ്‌സിന്റെയൊക്കെ പ്രത്യേക രീതിയിലുള്ള പരിശീലനവും നേടാനായി.