| Friday, 11th February 2022, 1:08 pm

പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ, ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും: നിലപാട് വ്യക്തമാക്കി ലോകായുക്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകായുക്താ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ലോകായുക്ത. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുമെന്ന് ലോകായുക്ത വ്യക്തമാക്കി.

സെക്ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. തുടര്‍ നടപടി എന്താണെന്നത് പിന്നീടാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടി പറയേണ്ടതില്ലെന്നാണ് ലോകായുക്തയുടെ തീരുമാനം.

അനാവശ്യ ചര്‍ച്ചകളിലേക്ക് പോകേണ്ടതില്ല എന്നും ഹിയറിങ്ങിനിടെ ലോകായുക്ത കൂട്ടിച്ചേര്‍ത്തു.

കെ.ടി. ജലീലിന്റെ പേരെടുത്ത് പറയാതെ വഴിയില്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തു ചെന്നാല്‍ എല്ല് എടുക്കാന്‍ ആണെന്ന് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്നും ലോകായുക്ത പറഞ്ഞു.

നിയമവിരുദ്ധമായി ഒന്നും ബില്ലില്‍ ഇല്ലാത്തതിനാലാണ് ലോകായുക്താ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്ന് ആഴ്ചയിലേറെ ബില്‍ തന്റെ പരിഗണനയില്‍ ഉണ്ടായിരുന്നെന്നും നിയമവിരുദ്ധമായ ഒന്നും തനിക്ക് ബില്ലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ടത് ഗവര്‍ണറെന്ന നിലയിലെ ഭരണഘടനാ ചുമതലയാണെന്നും മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തള്ളി ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സര്‍ക്കാര്‍ വിശദീകരണം ശരിവെച്ചു കൊണ്ടാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

22 വര്‍ഷമായി അഴിമതി തടയാന്‍ ലോകായുക്താ നിയമത്തിലുള്ള ഏറ്റവും ശക്തമായ വകുപ്പാണ് ഇതോടെ ഇല്ലാതായാത്. അഴിമതിക്കേസില്‍ മന്ത്രിമാര്‍ കുറ്റക്കാരെന്ന് ലോകായുക്ത ഇനി വിധിച്ചാലും പതിനാലാം വകുപ്പ് പ്രകാരം പദവി ഒഴിയേണ്ടിവരില്ല.

മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി തള്ളിക്കളയാം. വിധി മുഖ്യമന്ത്രിക്കെതിരെയാണെങ്കില്‍ ഗവര്‍ണര്‍ക്കും തള്ളാം.

ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. ലോകായുക്തയുടെ പല്ലും നഖവും പിഴുതെടുക്കുന്നതാണ് ഓര്‍ഡിനന്‍സെന്ന് ആരോപിച്ചാണ് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയത്

ഓര്‍ഡിനന്‍സിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനക്ക് വിരുദ്ധമായ അധികാരം ലോകായുക്തയ്ക്ക് നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.


Content Highlights: We will do our job; Lokayukta responds to controversy

We use cookies to give you the best possible experience. Learn more