| Friday, 16th December 2022, 12:43 pm

നാല് വര്‍ഷം മുമ്പുള്ള മെസിയല്ല ഇത്, എന്നാലും തടുക്കാന്‍ വേണ്ടതെല്ലാം ചെയ്യും: ഫ്രഞ്ച് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ മെസിയുടെ ലോകകിരീടമെന്ന സ്വപ്നം തകര്‍ക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്. നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നേരിട്ട അര്‍ജന്റീനയോ മെസിയോ അല്ല ഇപ്പോഴുള്ളതെന്നും അന്ന് റഷ്യയില്‍ പ്രീ ക്വര്‍ട്ടറില്‍ സെന്റര്‍ ഫോര്‍വേര്‍ഡ് പൊസിഷനില്‍ തങ്ങള്‍ക്കെതിരെ കളിച്ച മെസി ഇപ്പോള്‍ സെന്റര്‍ ഫോര്‍വേര്‍ഡിന് തൊട്ടുപുറകിലാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നേരിട്ട അര്‍ജന്റീനയെയോ മെസിയോ അല്ല ഇപ്പോള്‍ കാണാനാകുന്നത്. താളം കണ്ടെത്തിക്കഴിഞ്ഞ മെസിയിപ്പോള്‍ മികച്ച ഫോമിലുമാണ്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. അത് മെസി ലോകത്തിന് മുന്നില്‍ തെളിയിച്ചിട്ടുമുണ്ട്.

അതുകൊണ്ടുതന്നെ മെസിയെന്ന ഭീഷണി മറികടക്കാനും അദ്ദേഹത്തെ തടയാന്‍ മനുഷ്യസാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും,’ ദെഷാംപ്‌സ് വ്യക്തമാക്കി.

സെമി ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്. ഇത്തവണ ലോകകപ്പ് നേടുന്ന ടീം മൂന്നാം കിരീടനേട്ടത്തിലേക്കാണ് എത്തുക. അതിനാല്‍ തന്നെ കപ്പിനായി വീറും വാശിയും നിറഞ്ഞ പോരാട്ടമായിരിക്കും ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുക.

ലോകകപ്പ് ട്രോഫിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമായിരിക്കില്ല ഞായറാഴ്ച ഖത്തറില്‍ അരങ്ങേറാനിരിക്കുന്നത്. ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും നേടാനുള്ള താരങ്ങളും ഈ ടീമുകളിലുണ്ട്. ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനൊപ്പം താരങ്ങള്‍ തമ്മിലുള്ള വ്യക്തിഗത മത്സരം കൂടിയാണ് ഖത്തറില്‍ അരങ്ങേറുക.

അതോടൊപ്പം ടീമിന്റെ ജേഴ്സിയിലെ നക്ഷത്രങ്ങളുടെ എണ്ണം കൂട്ടാനും ഈ മത്സരത്തിനാകും. അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ജേഴ്സിയില്‍ നിലവില്‍ രണ്ട് നക്ഷത്രങ്ങളാണ് ഉള്ളത്. ഇരു ടീമുകളും നേടിയിട്ടുള്ള ലോകകപ്പ് കിരീടങ്ങളുടെ എണ്ണമാണ് അത് സൂചിപ്പിക്കുന്നത്.

ഇത്തവണ ലോക ചാമ്പ്യന്മാരാകുന്ന ടീമിന്റെ ജേഴ്സിയില്‍ ഒരു നക്ഷത്രം കൂടുതല്‍ ചേര്‍ക്കപ്പെടും. 1978ലും 1986ലുമാണ് അര്‍ജന്റീന ലോക കിരീടം സ്വന്തമാക്കിയത്. അതേസമയം 1998ലും 2018ലുമാണ് ഫ്രാന്‍സ് വിശ്വ കിരീടത്തില്‍ മുത്തമിട്ടു.

ഖത്തറില്‍ ഇതുവരെ ഗോള്‍ വേട്ടയില്‍ ഒപ്പത്തിനൊപ്പമാണ് മെസിയും എംബാപ്പെയും. ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോള്‍ വീതമാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്. അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസും ഫ്രഞ്ച് സൂപ്പര്‍താരം ജിറൂഡും നാല് ഗോള്‍ വീതം നേടി തൊട്ടുപുറകിലുണ്ട്.

ഡിസംബര്‍ 18ന് നടക്കുന്ന അന്തിമ പോരാട്ടത്തില്‍ ആര് വിജയികളാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

23കാരനായ എംബാപ്പെ ഫ്രാന്‍സിന്റെ ഏറ്റവും വേഗത കൂടിയ താരമായി കളത്തില്‍ പേരെടുക്കുമ്പോള്‍ 35കാരനായ അര്‍ജന്റൈന്‍ നായകന്‍ എക്കാലത്തെയും പോലെ മികച്ച ഫോമിലാണ് ഖത്തറില്‍ തുടരുന്നത്.

Content Highlights: We will do everything humanly possible agaist Messi for that not to happen, says didier deschamps

We use cookies to give you the best possible experience. Learn more