| Monday, 23rd March 2020, 7:34 pm

'ഞങ്ങള്‍ കന്നുകാലികളെ പോലെ മരിച്ചു വീഴും'; കൊവിഡ്-19 ഭീതിയില്‍ കശ്മീര്‍ ജനത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ 400 ലധികം പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 7 പേര്‍ മരണപ്പെട്ടു. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കൊവിഡ് ഭീതിയിലായിരിക്കെ ഏറെ ആശങ്കയിലായിരിക്കുകയാണ് കശ്മീര്‍ ജനത. കൊവിഡ്-19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ കശ്മീരില്‍ നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് വിലക്കും മെഡിക്കല്‍ മേഖലയിലെ അരക്ഷിതാവസ്ഥയും കശ്മീരിനെ ഇരട്ടി ഭീതിയിലാക്കുന്നു.അന്താരാഷട്ര മാധ്യമമായ അല്‍ ജസീര കശ്മീരിലെ നിലവിലെസ്ഥിതിയെക്കുറിച്ച് ഇവിടത്തെ മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കൊവിഡ്-19 എങ്ങനെ കശ്മീരിനെ ബാധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

കശ്മീരില്‍ നിലവില്‍ 4 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലഡാക്കില്‍ 13 കേസുകളും. പ്രധാനമായും രണ്ട് പ്രശ്‌നങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ കശ്മീരിനെ ആശങ്കപ്പെടുത്തുന്നത്. ഇന്റര്‍നെറ്റിന്റെ നിയന്ത്രണവും, മെഡിക്കല്‍ രംഗത്തെ പ്രതിസന്ധികളും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരിലെ ഭൂരിഭാഗം ആശുപത്രികളും കൊവിഡിനെ പ്രതിരോധിക്കാനാവശ്യമായ സൗകര്യങ്ങളോടു കൂടിയതല്ല. മെഡിക്കല്‍ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ഒപ്പം കൊവിഡിനെതിരെയുള്ള സുരക്ഷാ മുന്‍കരുതലും കശ്മീരില്‍ കാര്യക്ഷമമല്ല എന്നാണ് ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് (ജി.എംസി) മുന്‍ പ്രിന്‍സിപ്പലായ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറയുന്നത്.

” ഒരു മാസത്തേക്ക് പൂര്‍ണമായും അടച്ചിടല്‍ ആവശ്യമാണ്. ഇത് ( കൊവിഡ്-19) ഇവിടെ സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഇല്ലാതായിപ്പോവും. ഞങ്ങള്‍ കന്നുകാലികളെ പോലെ മരിച്ചു വീഴും,”  ഡോക്ടര്‍ പറഞ്ഞു.
കൊവിഡ് പോലൊരു പ്രതിസന്ധി ഇല്ലാത്ത ഘട്ടത്തില്‍ തന്നെ കശ്മീരിലെ ആരോഗ്യമേഖല അപര്യാപ്തമായിരുന്നു എന്നാണ് ഈ ഡോക്ടര്‍ പറയുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജി.എം.സിയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലെയും ഒ.പി. വിഭാഗവും അടിയന്തരമല്ലാത്ത ശാസ്ത്രക്രിയകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് ജി.എം.സിയുടെ നിലവിലെ പ്രിന്‍സിപ്പല്‍ ആയ സാമിയ റാഷിദ് അറിയിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍ ആശുപത്രികളില്‍ നിലവില്‍ ആവശ്യത്തിന് വെന്റിലേറ്ററുകളുണ്ട് എന്നാല്‍ മെഡിക്കല്‍ ജീവനക്കാര്‍ ആവശ്യത്തിനില്ല എന്നാണ് സാമിയ  റാഷിദ് പറയുന്നത്.

ജമ്മുകശ്മീരില്‍ നിന്നാകെ രോഗികളുടെ ഒഴുക്കുണ്ടായാല്‍ അതിനുസരിച്ചുള്ള സേവന സൗകര്യങ്ങള്‍ നല്‍കാന്‍ ജമ്മുകശ്മീരിലെ ആരോഗ്യരംഗം അപര്യാപ്തമാണെന്നായിരുന്നു 2018 ല്‍ നടത്തി ഒരു ഔദ്യോഗിക ഓഡിറ്റിന്റെ റിപ്പോര്‍ട്ട്.

3193 നഴ്‌സുമാര്‍ വേണ്ടെടുത്ത് 1290 നഴ്‌സുമാര്‍ മാത്രമാണുള്ളതെന്നായിരുന്നു ആ ഓഡിറ്റിങ്ങിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 3866 പേര്‍ക്ക് ഒരു അലോപ്പതിക് ഡോക്ടര്‍ എന്ന അനുപാതത്തിലാണ് ജമ്മുകശ്മീരിലെ ഡോക്ടര്‍മാരുടെ ലഭ്യത. 1000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഇത്ര വലിയ അന്തരം.

ഇതിനു പുറമെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ ഡോക്ടര്‍മാരും അരക്ഷിതാവസ്ഥയിലാണ്. ” ഞങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാസാമഗ്രികള്‍ ലഭ്യമല്ല. ഒരു സര്‍ജിക്കല്‍ മാസ്‌കും കൈയ്യുറകളും മാത്രമാണ് ഞങ്ങള്‍ സുരക്ഷയ്ക്കായി ധരിക്കുന്നത്. ഒരു രോഗിയോട് അകലം പാലിക്കാന്‍ പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, രോഗലക്ഷണങ്ങളുമായിഒരു രോഗി ആദ്യം വരുന്നത് ഇവിടേക്കാണ് ( ആശുപത്രി). രോഗി ആദ്യം ഇടപഴകുന്നത് ഡോക്ടറുമായിട്ടും,”  ശ്രീനഗറിലെ ശ്രീമഹാരാജ ഹരി സിംഗ് ആശുപത്രിയിലെ ഡോക്ടറായ അഹമ്മദ് പറയുന്നു.

ഈ രണ്ടു ആശുപത്രികളില്‍ നിന്നുള്ള രണ്ടു ഡോക്ടര്‍മാര്‍ കൊവിഡ് രോഗലക്ഷണങ്ങളുള്ളതിനാല്‍ നിലവില്‍ ക്വാരന്റീനിലാണ്.

ഇന്റര്‍നെറ്റ് നിയന്ത്രണവും കശ്മീരിനെ കൂടുതല്‍ വലയ്ക്കുന്നു. കൊവിഡ്-19 നിനെ പ്രതിരോധിക്കാനുള്ള ഒരു പ്രധാന വഴി സാമൂഹിക അകലമാണ്. ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ഡോക്ടര്‍മാരുടെ യോഗങ്ങളുമെല്ലാം നടക്കേണ്ടത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്. എന്നാല്‍ കശ്മീരില്‍ 2 ജി ഇന്റര്‍നെറ്റ് മാത്രം സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തില്‍ ഇത് സാധ്യമല്ല.
പല ഡോക്ടര്‍മാര്‍ക്കും ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല.

ജി.എം.സിയിലെ ഡോക്ടറായ ഇകര്ബാല്‍ സലീം ട്വിറ്ററില്‍ കുറിച്ചതിങ്ങനെ,

‘ഇത് വളരെ നിരാശാജനകമാണ്. അത്യാഹിത ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കായി ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നോക്കിയതാണ്. 24 എം.ബിയും ഒരു മണിക്കൂറും. ഇതുവരെ പൂര്‍ണമായി ലഭിച്ചിട്ടില്ല,’

ആഗോള തലത്തില്‍ കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ കൃത്യമായി അറിയാനോ, ഡോക്ടര്‍മാര്‍ക്ക് ഗവേഷക പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ ഈ ഇന്റര്‍നെറ്റ് വേഗത് വെച്ച് സാധിക്കുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്.

ഡോക്ടര്‍മാരെ കൂടാതെ കശ്മീരിലെ സാധാരണജനങ്ങള്‍ക്കും ഈ ഇന്റര്‍നെറ്റ് വേഗത വെച്ച് കൊവിഡ്-19 വ്യാപനത്തിനെതിരെയുള്ള പ്രധാന നിര്‍ദ്ദേശമായ വീട്ടിലിരുന്ന് ജോലിയെടുക്കല്‍ ് സാധിക്കുന്നില്ല എന്നാണ് ഒരു ഐ.ടി ജീവനക്കാരന്‍ പറയുന്നത്.

കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണം എടുത്ത് കളയാന്‍ ആനംസ്റ്റി ഇന്റര്‍നാഷണല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവിലെ മെഡിക്കല്‍ രംഗത്തിന്റെ അവസ്ഥയും കാലാവസ്ഥാ ഘടനയും വെച്ചു നോക്കുമ്പോള്‍ കശ്മീരില്‍  കൊവിഡ് രൂക്ഷമായി പടരാനുള്ള സാധ്യതയും വിദ്ഗധര്‍ കാണുന്നുണ്ട്.

 

We use cookies to give you the best possible experience. Learn more