ന്യൂദല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാനുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഗുസ്തി താരം ബജ്‌റംഗ് പുനിയ. നീതി കിട്ടുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കഴിഞ്ഞ 22 ദിവസമായി ജന്തര്‍മന്തറില്‍ സമരം ചെയ്യുകയാണ്. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് താരങ്ങള്‍ സമരം തുടരുന്നത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ ദിവസവുമുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ദേശീയ കായിക ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുമായി പ്രശ്‌നപരിഹാര താല്‍ക്കാലിക സമിതിയെ രൂപീകരിച്ചു.
ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സമരം തുടര്‍ന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമിതി രൂപീകരിച്ചത്.
എല്ലാ ഭരണപരമായ അധികാരവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുക പ്രശ്‌ന പരിഹാര സമിതിയായിരിക്കുമെന്ന് ഐ.ഒ.എ പുറത്തിറക്കിയ കത്തില്‍ പറയുന്നു.
മെയ് 12ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നല്‍കിയ കത്തില്‍ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി ജനറലിനോട് സാമ്പത്തിക ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ ഒഫീഷ്യല്‍ രേഖകളും പ്രശ്‌നപരിഹാരത്തിനായി നിയമിച്ച താല്‍ക്കാലിക സമിതിക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ നടത്തിപ്പില്‍ പുറത്ത് പോകുന്ന ഭാരവാഹികള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കുന്നതാണിത്.
‘ഇത് നമ്മുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ആദ്യ പടിയാണ്. ശരിയായ രീതിയിലാണ് ഞങ്ങളുടെ പോരാട്ടം ആരംഭിച്ചത്. ഇത് ഞങ്ങളുടെ വിജയമാണ്. ഞങ്ങള്‍ക്ക് നീതി കിട്ടുന്നത് വരെ ഈ പോരാട്ടം തുടരും,’ ബജ്‌റംഗ് പുനിയ പറഞ്ഞു.
സ്ത്രീകളുടെ അന്തസിന് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ ഭരണകക്ഷിയുടെ ഒരു പാര്‍ലമെന്റ് അംഗം പോലും എത്തിയില്ലെന്ന് വിനേഷ് ഫോഗട്ട് വിമര്‍ശിച്ചു. ഭരണകക്ഷിയുടെ എല്ലാ സ്ത്രീ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഇമെയില്‍ വഴിയും അല്ലാതെയും പിന്തുണ നല്‍കാന്‍ വരണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നതായും വിനേഷ് കഴിഞ്ഞ ദിവസം പറഞ്ഞു.
‘രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് അവര്‍ സംസാരിക്കുമ്പോള്‍ ഞങ്ങളും അവരുടെ പെണ്‍മക്കളാണ്. പുറത്ത് വന്ന് അവര്‍ ഞങ്ങളെ പിന്തുണക്കണം,’ വിനേഷ് പറഞ്ഞു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ മൂന്ന് അംഗ താല്‍ക്കാലിക സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട ബോഡിക്ക് ഇതിനുള്ള ചുമതല തിരികെ നല്‍കും.
തെരഞ്ഞെടുപ്പിന് ശേഷം ഭരണപരമായ അധികാരം ഗുസ്തി ഫെഡറേഷന് തന്നെ തിരികെ ലഭിക്കുമെന്നും ഫെഡറേഷന്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക സമിതിയുടെ അധികാം താല്‍ക്കാലികമായിരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.
CONTENTHIGHLIGHT: We will continue our fight until we get justice: Bajrang Punia